കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കല്യാണത്തിന് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് കോടതി വിമര്‍ശിച്ചു. മദ്യശാലകളില്‍ 500 പേര്‍ ക്യൂ നില്‍ക്കുകയാണ്. മദ്യ വില്‍പനയുടെ കുത്തക ബെവ്‌കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്‌കോയ്ക്ക് ബാധ്യതയുണ്ട്. ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. ഒരു തരത്തിലും സാമൂഹിക അകലം പാലിക്കുന്നില്ല.
ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്നും കോടതി ചോദിച്ചു. കൂട്ടം കൂടുന്ന ആളുകളിലൂടെ രോഗം പകരാന്‍ സാധ്യതയില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
മദ്യം വാങ്ങാന്‍ എത്തുന്നവരുടെ വ്യക്തിത്വം ബെവ്‌കോ പരിഗണിക്കണം. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ എത്രയും പെട്ടെന്ന് നടപടി വേണം. ചൊവ്വാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എംഡി എന്നിവര്‍ കോടതിയില്‍ ഹാജരായി.
Discussion about this post