ശബരിമല: വ്രതശുദ്ധിയുടെ പുണ്യകാലമായ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയില്‍ നിന്നുണര്‍ത്തി ശ്രീകോവിലില്‍ ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകര്‍ന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു.
ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. വൈകിട്ട് ആറുമണിയോടെ ശ്രീകോവിലിന് മുന്നില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ അവരോധന ചടങ്ങ് നടന്നു. കലശം പൂജിച്ച് മേല്‍ശാന്തിയെ അഭിഷേകം ചെയ്തശേഷം തന്ത്രി ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം പകര്‍ന്നുനല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയുടെ അവരോധന ചടങ്ങും നടന്നു.</p>
Discussion about this post