ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കേസ് ഇന്നലെ പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചില്ല. അതോടെ നവംബര്‍ 30ന് ജലകമ്മീഷനും മേല്‍നോട്ട സമിതിയും അംഗീകരിച്ച ജലനിരപ്പായ 142 അടി വരെ ഉയര്‍ത്താവുന്നതാണ്.

കേസില്‍ ഡിസംബര്‍ പത്തിനു വീണ്ടും വിശദമായ വാദം കേള്‍ക്കാമെന്നു ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ജലനിരപ്പ് 140 അടിക്കു മുകളിലേക്ക് ഉയര്‍ത്തരുതെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇനി കേസ് പരിഗണനയ്ക്കു വരുന്‌പോള്‍ കേരളം വീണ്ടും ഉന്നയിക്കും. കേന്ദ്ര ജലകമ്മീഷനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കുംവേണ്ടി ഒരേ അഭിഭാഷകന്‍ ഹാജരാകുന്നതിനെ എതിര്‍ത്ത കേരളത്തിന്റെ നിലപാടിനോട് സുപ്രീംകോടതിയും യോജിച്ചു.

ജലകമ്മീഷനും മേല്‍നോട്ടസമിതിക്കും നിലവില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും അരവിന്ദ് കുമാര്‍ ശര്‍മയുമാണ് ഹാജരാകുന്നത്.നിലവിലെ സാഹചര്യത്തില്‍ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്നു കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. മേല്‍നോട്ട സമിതി ജലനിരപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നുണ്ട്.

എന്നാല്‍, തമിഴ്‌നാട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റൂള്‍ കര്‍വില്‍ കേരളം ഉന്നയിച്ച എതിര്‍പ്പ് പരിഹരിക്കപെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. കേസില്‍ അടിയന്തരമായി ഒരുത്തരവ് വേണ്ടെന്ന തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശേഖര്‍ നഫാഡേയും പറയുന്നത്.

തമിഴ്‌നാടിന്റെ ജല ലഭ്യത ഉറപ്പു വരുത്തുന്‌പോള്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷാ വിഷയം പിന്നിലായിപ്പോകരുതെന്ന് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ചൂണ്ടിക്കാട്ടി.

സീപേഡ് ഡേറ്റ നല്‍കാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്ന് പെരിയാര്‍ പ്രൊട്ടക്ഷന്‍ സമിതിയുടെ അഭിഭാഷകന്‍ വി.കെ ബിജു ആവശ്യപ്പെട്ടു. പ്രതിവാര അടിസ്ഥാനത്തില്‍ എല്ലാ റിക്കാര്‍ഡുകളും നല്‍കുന്നുണ്ടെന്നായിരുന്നു തമിഴ്‌നാടിന്റെ അഭിഭാഷകന്റെ മറുപടി.

എന്നാല്‍, തമിഴ്‌നാടിന്റെ മാത്രം റിപ്പോര്‍ട്ടല്ല, ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ടാണ് വേണ്ടതെന്ന് ബിജു വാദിച്ചു.
Discussion about this post