തിരുവനന്തപുരം: വികസന പദ്ധതിയെ എതിര്‍ക്കുന്നവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയ്ല്‍ പദ്ധതിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ എതിര്‍പ്പില്‍ കാര്യമില്ലെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ പദ്ധതിക്ക് കൂടെ നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് ഏത് പുതിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായി എതിര്‍പ്പുകളെ നേരിടേണ്ടിവരും.
എതിര്‍പ്പിന്റെ കാരണം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുക. എതിര്‍പ്പിന്റെ വശങ്ങളെന്താണെന്ന് കൃത്യമായി മനസിലാക്കുക. അങ്ങനെ മുന്നോട്ട് പോകാന്‍ തയാറായാല്‍ ഇത്തരം എതിര്‍പ്പുകളെ നേരിടാന്‍ സാധിക്കും എന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി- ഇടമണ്‍ പവര്‍ ഹൈവേ ഇങ്ങനെ പല കാര്യങ്ങളിലും അതിശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ ആ എതിര്‍പ്പില്‍ കാര്യമില്ലെന്ന് എതിര്‍ക്കുന്നവരോട് കാര്യ കാരണ സഹിതം പറയുകയും ചെയ്തു.
നമ്മുടെ നാടിന്റെ ഭാവിയ്ക്ക്, നല്ല നാളേയ്ക്ക്, വരും തലമുറയ്ക്ക് ഈ പദ്ധതികള്‍ ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് വിശദീകരിച്ചപ്പോള്‍ എതിര്‍ത്തവര്‍ തന്നെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും അതിന്റെ ഭാഗമാകാനും തയാറായി മുന്നോട്ടു വന്നു.
ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കന്നവര്‍ക്ക് മാത്രമല്ല, എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുന്നു. ഇത്തരത്തിലുള്ള പല എതിര്‍പ്പുകള്‍ കാരണം നാടിന് വേണ്ട പലതും നടപ്പാകാതിരുന്നപ്പോള്‍ കേരളത്തിലുണ്ടായ പൊതു ചിന്ത ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു .
കേരളത്തില്‍ ഇനി ഒന്നും നടക്കുകയേ ഇല്ല എന്നു കരുതിയ പലതും ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ നമ്മുടെ സമൂഹവും സമൂഹത്തിലെ ആളുകളും ഇതിനൊന്നിനും എതിരല്ല. അവരെല്ലാം ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങള്‍ നടപ്പാകണം എന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സംസ്ഥാന രൂപീകരണം മുതല്‍ നാം ആഗ്രഹിക്കുന്നതാണ് കെഎഎസ് നടപ്പിലാക്കുക എന്നത്. പല സര്‍ക്കാരുകളും ശ്രമിച്ചു. പലരും ഇതൊരിക്കലും സംഭവിക്കില്ലെന്ന് കരുതി. ജനങ്ങളുടെ പിന്തുണ ഈ സര്‍ക്കാരിനുണ്ടായിരുന്നു. കെഎഎസ് നടപ്പിലാക്കിയതില്‍ പിഎസ്സി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഐഎഎസും- കെഎഎസും തമ്മില്‍ വളരെ ശരിയായ ബന്ധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
Discussion about this post