ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളായ വോഡഫോണ്‍- ഐഡിയയെ സാന്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. സ്‌പെക്ട്രം ലേലക്കുടിശിക തീര്‍ക്കാന്‍ ഓഹരികള്‍ സര്‍ക്കാരിനു നല്‍കാനുള്ള നിര്‍ദേശം കന്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ഇതോടെ കന്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി കേന്ദ്രസര്‍ക്കാര്‍ മാറും.
എജിആര്‍ കുടിശികയിനത്തില്‍ 50,399.63 കോടി രൂപയാണ് വോഡഫോണ്‍-ഐഡിയ നല്‍കാനുള്ളത്. 35.8 ശതമാനം ഓഹരിയാകും കേന്ദ്രസര്‍ക്കാരിന് ലഭിക്കുക. വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരിയുണ്ട്. കുടിശിക തീര്‍ക്കാന്‍ ഓഹരികള്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കന്പനികള്‍ക്കോ നല്‍കാമെന്നറിയിച്ച് മുന്‍ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള കത്തു നല്‍കിയിരുന്നു. കന്പനി ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രാജി തുടര്‍ക്കഥയായി.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രതിസന്ധിയില്‍ തുടരുന്‌പോള്‍ വോഡഫോണ്‍ ഐഡിയയ്ക്കായി കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്യുമെന്നതാണു നിര്‍ണായകം. കേന്ദ്രസര്‍ക്കാര്‍ ഭാവിയില്‍ വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ മറ്റു കന്പനികള്‍ക്കു വില്‍ക്കാന്‍ സാധ്യതയുണ്ട്.













