തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ നഴ്‌സറിയില്‍ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീത (38) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളുടേതെന്ന് സംശയിക്കുന്ന മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രേഖാചിത്രം തയാറാക്കിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെ കഴുത്തിന് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 വരെ ഇവരെ നഴ്‌സറിയുടെ പരിസരത്ത് കണ്ടവരുണ്ട്. പിന്നീട് ഉച്ചയോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
നഴ്‌സറിയില്‍ ഉച്ചയ്ക്ക് ചെടി വാങ്ങാന്‍ എത്തിയവര്‍ ആരെയും കാണാതെ വന്നതോടെ ബോര്‍ഡില്‍ കണ്ട ഉടമയുടെ ഫോണ്‍ നമ്പറില്‍ വിളിക്കുകയായിരുന്നു. ഉടമ മറ്റൊരു ജീവനക്കാരിയെ നഴ്‌സറിയിലേക്ക് അയച്ചു.
ഇവര്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നഴ്‌സറിക്കുള്ളില്‍ ചെടിച്ചട്ടികള്‍ ഇരിക്കുന്നതിനു സമീപത്ത് ടാര്‍പോളിന്‍ കൊണ്ട് ഭാഗികമായി മൂടിയ നിലയിലായിരുന്നു മൃതദേഹം.
രാവിലെ 11ന് ശേഷം ഒരാള്‍ നഴ്‌സറിയിലേക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 20 മിനിറ്റിന് ശേഷം പുറത്തിറങ്ങുന്ന ഇയാളുടെ കൈയില്‍ മുറിവേറ്റിരുന്നുവെന്നും വ്യക്തമാണ്. പിന്നീട് ഉച്ചവരെ നഴ്‌സറിയില്‍ മറ്റാരും എത്തിയിട്ടില്ല. ഇയാളെ കണ്ടെത്താനാണ് പോലീസ് ശ്രമം.
വിനീത ധരിച്ചിരുന്ന നാല് പവനോളം വരുന്ന സ്വര്‍ണാഭരണം കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്.
പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന അന്വേഷണസംഘത്തില്‍ ഷാഡോ ടീമംഗങ്ങളും പങ്കാളികളാണ്.
Discussion about this post