ന്യൂഡല്‍ഹി: യുദ്ധഭീതി പശ്ചാത്തലത്തില്‍ ഇന്ത്യക്കും യുക്രെയ്‌നും ഇടയിലുള്ള വിമാന സര്‍വീസുകളുടെ എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര വ്യോമയാന മന്ത്രാലയം നീക്കി. യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും.
കോവിഡ് കാല നിയന്ത്രണങ്ങള്‍ യുക്രെയ്ന്‍ വിമാനങ്ങള്‍ക്ക് ബാധകമല്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലും നിയന്ത്രണമില്ല.
ചാര്‍ട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏര്‍പ്പെടുത്തും. ഇതിനായി വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്ന്‍ പ്രതിസന്ധിയില്‍ സഹായത്തിന് 1800118797 എന്ന ടോള്‍ ഫ്രീ നന്പറില്‍ വിളിക്കാം. കൂടാതെ 011 23012113, 23014104, 23017905 എന്നീ നന്പറുകളിലും ബന്ധപ്പെടാം. situationroom @mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും സഹായം തേടാവുന്നതാണ്.
കീവിലെ ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നന്പറിലും ഇ- മെയില്‍ വിലാസത്തിലും മുഴുവന്‍ സമയവും ആശയവിനിമയം സാധ്യമാകും. 20,000ത്തിലധികം ഇന്ത്യക്കാര്‍ യുക്രെയ്‌നിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതില്‍ 18,000ത്തിലധികം പേര്‍ വിദ്യാര്‍ഥികളാണ്.













