ആലുവ: അദ്വൈതാശ്രമത്തിന്റെ സ്വകാര്യ വഴി നഗരസഭ കയ്യേറിയതിനെതിരെ പ്രതിഷേധവുമായി സിപിഐഎം. പാലസ് റോഡില്‍ നിന്നും അദ്വൈത ആശ്രമത്തിലേക്കുള്ള ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയാണ് ആശ്രമത്തിന്റെ അനുമതി ഇല്ലാതെ കട്ടവിരിച്ച് നഗരസഭയുടെ വഴി എന്ന നിലയില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്. നിലവില്‍ ആശ്രമം കരം അടയ്ക്കുന്ന ഭൂമിയാണിത്. വഴിയോട് ചേര്‍ന്ന കാനയില്‍ നിന്നും മാലിന്യം കോരി വഴിയില്‍ നിക്ഷേപിച്ചതിന് നഗരസഭ കൗണ്‍സിലറിനെതിരെ മുന്‍ നഗരസഭ അധികാരികള്‍ നടപടിയെടുത്തതാണ്. എന്നാല്‍ ഇപ്പോള്‍ നഗരസഭ അധികാരികള്‍ നേരിട്ട് വഴി കൈയ്യേറി. നഗരസഭ ആസ്തിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നഗരസഭയ്ക്ക് നേരിട്ട് റോഡ് നിര്‍മ്മിക്കുവാന്‍ കഴിയൂ. നഗരസഭ സീവേജ് പ്ലാന്റ് എന്ന നിലയിലാണ് ബോര്‍ഡ് വയ്ക്കുന്നത്. ഈ വഴിയിലൂടെ നഗരസഭ സീവേജ് പ്ലാന്റിലേക്ക് പോകുവാന്‍ അദ്വൈതാശ്രമം നല്കിയ അനുമതി മുതലെടുത്താണ് നഗരസഭ അധികാരികള്‍ വഴികയ്യേറിയത്. ആശ്രമ അധികാരികളുടെയും മറ്റും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെച്ചു. അദ്വൈതാശ്രമത്തിന്റെ സ്വകാര്യ വഴി കൈയ്യേറാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇതില്‍ നിന്നും നഗരസഭ അധികാരികള്‍ പിന്‍മാറണമെന്ന് സിപിഐ എം ആലുവ ലോക്കല്‍ കമ്മിറ്റി ആവശ്യപെട്ടു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം സഹീര്‍, രാജീവ് സക്കറിയ, ആലുവ ടൗണ്‍ ലോക്കല്‍ സെക്രട്ടറി പോള്‍ വര്‍ഗീസ്, പി ആര്‍ രാജേഷ്, കെ ഐ കുഞ്ഞുമോന്‍, രവി ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ അനധികൃത നിര്‍മ്മാണം നടത്തിയ വഴി സന്ദര്‍ശിച്ചു.
Discussion about this post