
ലണ്ടന്‍: കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ സമ്മതിച്ചു. കലാപകാരികളെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ വിലപ്പോയില്ലെന്ന് പോലീസ് സമ്മതിച്ചതായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ ബ്രിട്ടീഷ് പാര്‍ലമെന്‍റിന്റെ അടിയന്തരസമ്മേളനത്തില്‍ കാമറോണ്‍ പറഞ്ഞു. പതിറ്റാണ്ടിനിടെ ലണ്ടന്‍ കണ്ട ഏറ്റവും വലിയ കലാപത്തെത്തുടര്‍ന്നാണ്, വ്യാഴാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് അടിയന്തരമായി സമ്മേളിച്ചത്. കലാപം തുടങ്ങിയ സാഹചര്യങ്ങളും പരിഹാരമാര്‍ഗങ്ങളും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു. പുതിയ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇപ്പോഴത്തേത് അസ്വസ്ഥജനകമായ ശാന്തതയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. കലാപകാരിക്കള്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും സമാധാനം തിരിച്ചുപിടിക്കുമെന്നും കാമറോണ്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.
കലാപം നിയന്ത്രിക്കുന്നതില്‍ തുടക്കത്തില്‍ത്തന്നെ പോലീസിന് വീഴ്ച പറ്റി. പോലീസ് മേധാവികള്‍ ഇക്കാര്യം സമ്മതിച്ചിട്ടൂണ്ട്. വ്യാപകമായ കുറ്റകൃത്യങ്ങളെക്കാള്‍ ഒരു പൊതു ക്രമസമാധാന പ്രശ്‌നമായാണ് പോലീസ് കലാപത്തെ ആദ്യം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ ആളെ സംഘടിപ്പിച്ച് കലാപത്തില്‍ പങ്കെടുപ്പിക്കുന്ന രീതിയാണ് അക്രമികള്‍ അവലംബിച്ചത്. ഇത്തരം മാര്‍ഗങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാന്‍ സഭാ സമ്മേളനത്തില്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ നീണ്ട കലാപം കാരണം 20 കോടി പൗണ്ട് നഷ്ടമുണ്ടായെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടും തൊഴില്‍മാര്‍ഗവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണനേതൃത്വം വൈകാതെ സമ്മേളിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം ബ്രിട്ടനെ പിടിച്ചുലച്ച ലണ്ടന്‍ കലാപത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടുകൂടി മരണസംഖ്യ നാലായി. നേരത്തെ ബര്‍മിങ്ങാമില്‍ മൂന്ന് ഏഷ്യന്‍ വംശജരെ കലാപകാരികള്‍ കാറിടിച്ച് കൊന്നിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 1000 ത്തോളം പേര്‍ അറസ്റ്റിലായി. 300 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അക്രമത്തില്‍ കുറ്റക്കാരായ രണ്ടു പേരെ കഴിഞ്ഞ ദിവസം തന്നെ ജയിലിലടച്ചു. നഗരവീഥികളില്‍ അധികസേനയെ വിന്യസിച്ചു കൊണ്ടുള്ള കാമറോണിന്റെ ഉത്തരവ് വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ രാത്രി ലണ്ടനും സമീപനഗരങ്ങളും ശാന്തമായി തുടരുകയാണ്.
Discussion about this post