ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പരാതികളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് അപ്പീല്‍ സമിതികളെ നിയോഗിക്കും. ഇന്നലെ പുറത്തിറക്കിയ വിവരാകാശ നിയമങ്ങളിലെ കരട് ഭേദഗതിയില്‍ കേന്ദ്ര ഐടി മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. കരട് ഭേദഗതി അനുസരിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ക്കെതിരേ പരാതിയുമായി വ്യക്തികള്‍ക്കു കോടതിയില്‍ പോകുന്നതിനു പകരം അപ്പീല്‍ സമിതിയെ സമീപിക്കാം.
ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ഒന്നിലധികം അപ്പീല്‍ പാനലുകള്‍ രൂപീകരിക്കുന്നതിനാണ് കരട് ഭേദഗതി ശിപാര്‍ശ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെ പരാതിപരിഹാര ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരേ 30 ദിവസത്തിനുള്ളിലാണ് അപ്പീല്‍ സമിതിയെ സമീപിക്കേണ്ടത്. അപ്പീലുകള്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ സമിതി പരാതി പരിഗണിക്കണം. അപ്പീല്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പരിരക്ഷ നഷ്ടമാകും.
കേന്ദ്ര ഐടി നിയമത്തില്‍ 2021 ഫെബ്രുവരിയില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ച് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ പരാതികള്‍ കേള്‍ക്കുന്നതിനു പരാതി പരിഹാര ഓഫീസര്‍മാരെ നിയോഗിക്കുകയും 15 ദിവസത്തിനകം മറുപടി നല്‍കുകയും വേണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകസമരത്തിന് അനുകൂലമായിട്ടുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ തടയുന്നതിന് ഉദ്യോഗസ്ഥര്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 25ന് പ്രാബല്യത്തില്‍വന്ന ഐടി നിയമഭേദഗതി അനുസരിച്ച് സര്‍ക്കാരുകള്‍ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു. ഇതിനു തയാറായില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം. സര്‍ക്കാരുകള്‍ക്കു പുറമേ വ്യക്തികള്‍ക്കും സമൂഹ മാധ്യമങ്ങളില്‍നിന്ന് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാമെന്നും ഭേദഗതി വ്യക്തമാക്കുന്നു.
കരട് ഭേദഗതി നിര്‍ദേശങ്ങള്‍
• സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കുന്നതിനു പുറമേ ഉപയോക്താക്കള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നു സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.
• സോഷ്യല്‍ മീഡിയ പരാതി പരിഹാര ഓഫീസര്‍മാരുടെ തീരുമാനത്തിനെതിരേ വ്യക്തികള്‍ക്കു കോടതിയെ സമീപിക്കുന്നതിനു പുറമേ അപ്പീല്‍ പാനലിനെ സമീപിക്കാം.
• സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സമൂഹ മാധ്യമങ്ങളുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്പാള്‍ ജാഗ്രത പാലിക്കുന്നതായി ഉറപ്പുവരുത്തണം.













