ആലപ്പുഴ: സുന്ദരഗ്രാമം പദ്ധതിയില്‍ നൂറു പൂന്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൂന്തോട്ടങ്ങളാക്കി മാറ്റും.
ഒരു വര്‍ഷത്തിനുള്ളിലാണ് 100 പൂന്തോട്ടങ്ങള്‍ ഒരുക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് പിറ്റ്, ബയോ ബിന്‍ തുടങ്ങിയവയില്‍ ഏതെങ്കിലും മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കും.
സര്‍വ്വേ നടത്തിയാണ് ഓരോ വീടിനും അനുയോജ്യമായ മാലിന്യസംസ്‌കരണ സംവിധാനം അനുവദിക്കുക. പഞ്ചായത്ത്, ശുചിത്വ മിഷന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടങ്ങിയവയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയില്‍ രണ്ടു പൂന്തോട്ടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയ 25 സ്ഥലങ്ങളില്‍ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചെടികളും ചെടിച്ചട്ടികളും മറ്റും ലഭ്യമാക്കി ജനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യ നിക്ഷേപത്തിന് തടയിടാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
Discussion about this post