തിരുവനന്തപുരം പൊന്മുടി റോഡില്‍ നെടുമങ്ങാട് പഴകുറ്റി മുതല്‍ പൊന്മുടി വരെയുള്ള 37.948 കിമീ റോഡിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജൂണ്‍ 15 അഞ്ച് മണിക്ക് തൊളിക്കോട് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍, അടൂര്‍ പ്രകാശ് എം.പി, ജി.സ്റ്റീഫന്‍ എം.എല്‍.എ, ഡി.കെ.മുരളി എം.എല്‍.എ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് 2018ലുണ്ടായ അതതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പാക്കേജ് പ്രകാരമാണ് റോഡിന്റെ നിര്‍മാണം. നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന റോഡിന്റെ നിര്‍മാണച്ചെലവ് 167.6958 കോടിയാണ്.
ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. 17 കലുങ്കുകളുടെ പുനര്‍നിര്‍മ്മാണവും 10 കലുങ്കുകളുടെ വീതികൂട്ടലും, 5 പുതിയ കലുങ്കുകളുടെ നിര്‍മ്മാണവും ഇതിന്റെ ഭാഗമാണ്. കൂടാതെ ഉയര്‍ന്ന ഭാഗങ്ങളില്‍ മണ്ണിടിയുന്നത് തടയാനായി സംരക്ഷണ ഭിത്തി, റിറ്റെയിനിംഗ് വോള്‍, പാലങ്ങളുടെ നവീകരണം, വനാതിര്‍ത്തി വരെ റോഡിന് ഇരുവശവും ഓടനിര്‍മ്മാണം, വനം ഉള്‍പ്പെടുന്ന ഭാഗത്ത് ഐറിഷ് ഡ്രെയിന്‍ എന്നിവയുമുണ്ടാകും.
Discussion about this post