തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന്റെ നിയുക്തമന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ് നല്‍കും. ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറിന് പൊതുമരാമത്ത് വകുപ്പ് നല്‍കാനും ധാരണയായിട്ടുണ്ട്. പാര്‍ലമെന്ററി, തുറമുഖകാര്യം, നിയമം എന്നീ മൂന്ന് വകുപ്പുകള്‍ നേരത്തെത്തന്നെ വിജയകുമാറിനുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് വകുപ്പ് ലഭിച്ചതില്‍ സംതൃപ്തനാണെന്ന് സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ്സി (ജെ)ലെ പി.ജെ.ജോസഫ് വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഇപ്പോള്‍ വഹിക്കുന്നത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പ് ഏതെന്ന് തീരുമാനമായിരുന്നില്ല. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സെക്രട്ടേറിയറ്റില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. മുമ്പ് കേരള കോണ്‍ഗ്രസ് (ജെ) വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ പി.സി.തോമസ് വിഭാഗത്തിന് നല്‍കണമെന്ന ആലോചന ഉണ്ടായി. എന്നാല്‍, അതിനോട് സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുയര്‍ന്നു. ഇതോടെ ഈ നിര്‍ദേശം ഉപേക്ഷിക്കുകയായിരുന്നു. മന്ത്രി തോമസ് ഐസക് പൊതുമരാമത്ത് വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് നിര്‍ദേശത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ്സി(ജെ)ല്‍ നാല് എം.എല്‍.എമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് പി.സി.തോമസ് വിഭാഗത്തില്‍ ഒരു എം.എല്‍.എ. മാത്രമേ ഉള്ളൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് സാമൂഹികക്ഷേമവകുപ്പ് മാത്രം നല്‍കാന്‍ നിര്‍ദേശമുണ്ടായി. ഇതിനോടും വിയോജിപ്പുകള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സാമൂഹികക്ഷേമത്തിന് പുറമേ യുവജനക്ഷേമം, ഗ്രാമവികസനം എന്നിവയിലേക്ക് ചര്‍ച്ച ഒതുങ്ങിയത്.
Discussion about this post