സ്വാമി സത്യാനന്ദ സരസ്വതി
വിനയവാനായ ആഞ്ജനേയന്‍
അവനിതനയാന്വേഷണത്തിനായി ഓരോ ദിക്കിലേക്കും നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിനു വാനരന്മാരില്‍ ഒരുവനാണ് താന്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഹനുമാന്‍ അവകാശപ്പെടുന്നില്ല. ഹനുമാന്റെ വാക്കുകളില്‍ തന്നെ ഇക്കാര്യം സ്പഷ്ടമാകുന്നു.
പ്ലവകുലപരിവൃദ്ധരെ ലഘുതരമയച്ചതി
ലേകനഹമിഹ വന്നു കണ്ടീടിനേന്‍
എന്നാല്‍ സത്യം അംഗീകരിക്കുകയല്ലാതെ ചര്‍ച്ചാവിഷയമാക്കിയിട്ടു കാര്യമില്ല. മുപ്പതു നാളിനകം സീതാദേവിയെ അന്വേഷിച്ചു മടങ്ങിവരാത്ത പക്ഷം ‘പ്രാണാന്തികം ദണ്ഡമാശുഭൂതി– ഏണാങ്ക ശേഖരന്‍ തന്നാണെ കേവലം’ എന്നുള്ള ‘സുഗ്രീവശാസനം നിഷ്ഫലമായ്‌വരാം’ എന്ന ബോധമുള്ള കപികള്‍ സമുദ്രത്തിന്റെ അക്കരെ പ്രതീക്ഷാനിര്‍ഭരരായി കാത്തിരിക്കുകയാണ്. ഏകാവലംബം മാരുതിയല്ലാതെ മറ്റാരുമില്ല. ഉഗ്രപ്രതാപിയും ദശമുഖനുമായ രാവണന്റെ സന്നിധിയിലേക്കാണ് മാരുതി പോയത്. ആഞ്ജനേയന്റെ അത്ഭുതസിദ്ധികള്‍ ആത്മവിശ്വാസം വളര്‍ത്തുന്നവയാണെങ്കിലും രാവണന്റെ തപശക്തിയും പരാക്രമങ്ങളും അളവറ്റതല്ലേ. ആര്‍ത്തിരമ്പുന്ന കടല്‍ ചാടിക്കടക്കാന്‍ കഴിവില്ലാത്ത വാനരന്മാര്‍ക്ക് ആശാകേന്ദ്രമായ ആഞ്ജനേയന്‍ അനായാസേന സമുദ്രലംഘനം നടത്തി ലങ്കയിലെത്തി. സല്‍ക്കാരങ്ങള്‍ പലതും ഔചിത്യപൂര്‍വം നിരസിച്ചു. സാഹസങ്ങള്‍ പലതും തരണം ചെയ്ത് സീതാദേവിയെ ദര്‍ശിച്ചു. സന്ദേശമറിയിച്ചു. ആ സാധ്വീമതിയില്‍ ആത്മവിശ്വാസം വളര്‍ത്തി. അനന്തരം അനുമതിയും വാങ്ങിത്തിരിച്ചു. രാവണകിങ്കരന്മാരെയും പുത്രന്മാരെയും കൊന്നു. എന്നിട്ടും അഹന്തയുടെ അംശം പോലും ആഞ്ജനേയനെ ബാധിച്ചില്ല. അവകാശപ്പെട്ടത് അനേകങ്ങളില്‍ ഒരുവനുള്ള സ്ഥാനം മാത്രമം മതി.
കുബുദ്ധികൊണ്ടും കുതന്ത്രം കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച പലരും ചരിത്രത്തിലും സാഹിത്യത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഊടുംപാവും നെയ്യുന്നവരായി അഭിമാനിക്കുന്ന പലരും പുരാതനമെന്ന് പുച്ഛിച്ചുതള്ളുന്ന ഒരു കാലഘട്ടത്തിന്റെ ധാര്‍മികശേഷി ഉള്‍ക്കൊള്ളാറില്ല. ആധുനികതയുടെ കവചം ധരിച്ച ജനകീയ പശ്ചാത്തലത്തിലും ഒരു വാനരന്‍ കാഴ്ചവെച്ച ധര്‍മനീതി കണികാണുവാനില്ല. അഹന്തയറ്റ ജീവിതം കൊണ്ട് ധന്യമായ സേവനമഹിമ നിസ്വാര്‍ത്ഥമായ കര്‍മങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ട പാരമ്പര്യം ഇന്ന് വിസ്മയമായിരിക്കുന്നു. സാമൂഹ്യസേവ വ്യക്തിലാഭത്തിനു പ്രയോജനപ്പെടുത്തുന്ന പ്രവണയ്ക്കാണ് ഇന്ന് പ്രാധാന്യം. മറിച്ച് വ്യക്തിയുടെ ലാഭം സമൂഹനന്മയ്ക്ക് പ്രയോജനപ്പെടണം എന്ന ചിന്തയില്ല. സമത്വഭാവന നഷ്ടപ്പെട്ട സമൂഹത്തില്‍ ഒറ്റപ്പെടുന്ന വ്യക്തിത്വമാണ് വര്‍ധിച്ചുവരുന്നത്. സമൂഹത്തെ കെട്ടുറപ്പുള്ളതാക്കുന്ന സാമൂഹ്യബന്ധം സ്വാര്‍ത്ഥതയില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. രാമായണത്തിന്റെ ആനുകാലിക പ്രസക്തി ആഞ്ജനേയനെപ്പോലെയുള്ള മഹാത്മാക്കളുടെ സേവന തത്വത്തിലൂടെ പ്രഖ്യാപിതമാണ്.
ആഞ്ജനേയന്റെ സത്യനിഷ്ഠയും ആത്മധൈര്യവും
നീ ആരയച്ചു വന്നൂ കപേ
ഇവ പ്രഹസ്തരന്റെ വാക്കുകളാണ്. വാനരനായ ഒരു ദൂതനോട് ഇപ്രകാരം ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ‘നൃപ സദസി കഥയമമ സത്യം മഹാമതേ’ എന്നുകൂടി ഹനുമാനോട് പറയുന്നുണ്ട്. ആഞ്ജനേയന്‍ ജീവിതത്തില്‍ അസത്യം പറഞ്ഞിട്ടുള്ളവനല്ല. അതിഭയങ്കരനായ രാവണന്റെ സന്നിധിയില്‍ ഏകാകിയായി ആനയിക്കപ്പെട്ടിരിക്കയാണ്. പ്രത്യേകിച്ചും ബന്ധനസ്ഥനാണ്. സത്യം പറഞ്ഞാല്‍ രക്ഷപ്പെടുത്താമെന്നാണ് പ്രഹസ്തന്റെ വാഗ്ദാനം. രാവണന്റെ ജന്മശത്രുവായ രാമന്റെ ദൂതനാണെന്നറിഞ്ഞാലുള്ള അപകരം പ്രഹസ്തന്റെ വാക്കുകള്‍ കൊണ്ട് പരിഹരിക്കാനാവില്ല. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ക്ഷിപ്രകോപിയായ രാവണനാണ്. ആജ്ഞാപിച്ചത് അനുസരിക്കയല്ലാതെ അവിടെ മറുവാക്കിന് ഇടമില്ല. വധിക്കുക എന്നതില്‍ കുറഞ്ഞ തീരുമാനം രാവണന്‍ കൈക്കൊള്ളാറില്ല. രാവണന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടില്ലെങ്കില്‍ അപകടം പലതാണ്. സീതാദര്‍ശനവാര്‍ത്ത രാമനെ അറിയിക്കാനാവില്ല. പാവങ്ങള്‍ കുരങ്ങന്മാര്‍ സമുദ്രത്തിനക്കരെ കാത്തിരിക്കുന്നു. സുഗ്രീവന്റെ ശാസനത്തില്‍ നിന്നും അവര്‍ രക്ഷപ്പെടുമോ? വാനരന്മാര്‍ വധിക്കപ്പെട്ടാല്‍ സമുദ്രലംഘനത്തിനുള്ള അണകെട്ടുന്നതിന് രാമനെ സഹായിക്കുന്നത് ആരായിരിക്കും? സുഗ്രീവനും രാമനും തമ്മിലുള്ള ബന്ധം തന്നെ എങ്ങനെ കലാശിക്കും. സീതയെ അന്വേഷിച്ചറിയാം എന്നാണല്ലോ പ്രതിജ്ഞ പ്രതിജ്ഞാലംഘനം സത്യവ്രതനായ രാമനില്‍ എന്തു പ്രതികരണം സൃഷ്ടിക്കും? ശത്രുനിഗ്രഹം കഴിഞ്ഞ് കൃത്യസമയത്ത് ഭരതന്റെ സമീപം എത്താനാകുമോ? കൃത്യമായി എത്താത്ത പക്ഷം ഭരതന്‍ അഗ്നിപ്രവേശം ചെയ്യുകയില്ലേ? അയോദ്ധ്യയുടെ സ്ഥിതി എന്തായിത്തീരും? ആശ്രിതവത്സലനായ രാമന്‍ തന്നെ എന്തു തീരുമാനമെടുക്കും? ദുഷ്ടനിഗ്രഹം നടന്നില്ലെങ്കില്‍ ധര്‍മം പുനഃസ്ഥാപിക്കപ്പെടുമോ? പാലിക്കാന്‍ ബാധ്യസ്ഥമായ സത്യത്തിനും വാഗ്ദാനങ്ങള്‍ക്കും ഇടയ്ക്കുവേണം എല്ലാം നിര്‍വഹിക്കുവാന്‍. ഹനുമാന്‍ കൃത്യമായി തിരിച്ചെത്തുന്നതിലൂടെ വേണം അടുത്ത സംവിധാനത്തിലേക്ക് കടക്കുവാന്‍. കര്‍ക്കശനും അധര്‍മ്മിയുമായ രാവണന്റെ സന്നിധിയില്‍ ഹനുമാന്‍ ഇപ്പോള്‍ ബന്ധനസ്ഥനാണ്. തന്റെ അരുമമകനെ അടിച്ചുകൊന്ന ശത്രുവിനോട് രാവണന്റെ മനോഭാവം എന്തായിരിക്കും? ആഞ്ജനേയന്‍ അത്ഭുതപരാക്രമിയാണെങ്കിലും ഭീമാകാരന്മാരായ ഘോരരാക്ഷസന്മാരുടെ മധ്യത്തിലാണ്. ഇന്ദ്രജിത്ത് അടുത്തുണ്ട്. അനുജനെപ്പറ്റിയുള്ള ഓര്‍മ ഇന്ദ്രജിത്തിന്റെ മനസ്സില്‍ തളംകെട്ടിനില്പില്ലേ? ആഞ്ജനേയന്‍ രക്ഷപ്പെടുവാന്‍ തടസ്സമായ അപകടങ്ങളെത്രയാണ്. പോരെങ്കില്‍ ബന്ധനസ്ഥനും രാക്ഷസരെല്ലാം മായാവികളാണ്. രാമദൂതനാണ് താനെന്നു പറയാതിരുന്നാല്‍ അപകടങ്ങളെല്ലാം ഒഴിവാക്കിക്കൂടെ? അനന്തരം യുദ്ധം കൊണ്ട് നേടേണ്ടതെല്ലാം നേടുകയും ചെയ്യും. ഹനുമാന്‍ അതു ചെയ്യുമോ? പ്രഹസ്തന്‍ ഒന്നിനു പുറകേ ഒന്നായി അനേകം ചോദ്യങ്ങളുന്നയിച്ചു. മാരുതി എന്തായിരിക്കും ഉത്തരം നല്കുക. ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ എന്തും സംഭവിച്ചുകൂടെന്നില്ല. അതാ ആഞ്ജനേയന്റെ തിരുവായ്‌മൊഴികള്‍ സത്യത്തിന്റെ ഭദ്രദീപമായ ആ മഹാപ്രഭു അചഞ്ചലനായി അക്ഷോഭ്യനായി രഘുകുലവരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നല്കിയ മറുപടി ദുഷ്പ്രഭുത്വത്തിനും ദുരാഗ്രഹത്തിനും എതിരെയുള്ള വെല്ലുവിളിയും സത്യത്തിലും ധര്‍മത്തിലും പ്രതിഷ്ഠിതമായ പ്രഖ്യാപനവുമായിരുന്നു. രഘുകുല സ്മരണകള്‍ അയവിറക്കി വളര്‍ന്ന ആത്മനിഷ്ഠ അതിമധുരമായ രഘുകുല ചരിതമായി ആഞ്ജനേയന്റെ അധരപുടങ്ങളില്‍ നിന്ന് അടര്‍ന്നുവീണു.
സ്ഫുടാവചനമതി വിശദമിതി ശൃണ -പ്രഭോ
പൂജ്യനാം രാമദൂതന്‍ ഞാനറികനീ
അലഘു കുശലമായ ഒരു പ്രതിപാദനം ആത്മവിശ്വാസത്തിന്റെ അധിഷ്ഠിതഫലകമായി പരിഗണിക്കും. ഞാന്‍ രാമദൂതനാണെന്ന് പറയുന്നതില്‍ക്കവിഞ്ഞ് അഭിമാനത്തിനും ആത്മവിശ്വാസത്തിനും ആഞ്ജനേയന് മറ്റൊന്നില്ല. രാമനെക്കൂടാതെ ഞാനെന്ന സങ്കല്പത്തിന് സാദ്ധ്യതയില്ല. അമൃതധാരയെന്നോണം മന്ത്രമധുരമായ രാമകീര്‍ത്തനം ആ നാവില്‍ നിന്നും അനര്‍ഗളം പ്രവഹിച്ചു. ഭയാശങ്കകളുടെ അതിര്‍ത്തി വരമ്പുകള്‍ ആ മഹാപ്രവാഹത്തില്‍ തകര്‍ന്നടിഞ്ഞു. രാവണന്റെ രാജസപ്രൗഡിക്കു മുന്നില്‍ ആരും അതേവരെ പറയാന്‍ അറച്ചിട്ടുള്ള വാക്കുകള്‍! ആ രാക്ഷസസഭ സ്തബ്ധമായതു കേട്ടുനിന്നു. ഇന്ദ്രനും അഗ്നിയും യമനും – രാവണന്റെ ചൊല്‍പടിയിലാണ്. വരുണനും വായുവും കുബേരനും ഈശാനനും രാവണനെ അനുസരിക്കുന്നു. രാവണന്‍ ആജ്ഞാപിച്ചാല്‍ അനുസരിക്കുവാനും അനുസരിപ്പിക്കുവാനും ആയിരങ്ങളുണ്ട്. രാവണനെതിരെ ചലിച്ച നാവ് പിന്നൊരിക്കല്‍ ചലിച്ചിട്ടില്ല. അനുസരണയില്‍ കവിഞ്ഞ വിവേചന ബുദ്ധിക്ക് രാവണ സന്നിധിയില്‍ സ്ഥാനമില്ല. രാവണന് തന്നിഷ്ടത്തില്‍ കവിഞ്ഞ സത്യമോ തന്റെ പ്രവൃത്തിയില്‍ക്കവിഞ്ഞ ധര്‍മമോ ഇല്ല. രാവണവചസ്സുകളുടെ അലകള്‍ക്കപ്പുറത്തല്ലാതെ സത്യവും നീതിയും ചലിച്ചിട്ടില്ല. കേവലം ഒരു വാനരന്റെ നാവില്‍ നിന്ന് ഇതാ രാമനെ പുകഴ്ത്തുന്ന ശബ്ദം രാവണ സന്നിധിയ്ല്‍ അലതല്ലി. ചാപല്യം നിറഞ്ഞ വാനലന് വീണ്ടുവിചാരം ഇല്ലാഞ്ഞിട്ടാണോ? അതല്ല രാവണപ്രൗഡി വേണ്ടുവോളം ധരിക്കാത്തതാകുമോ കാരണം? രാമനോടുള്ള അമിത ഭക്തിയില്‍ വാനരന്‍ അപകടം മറന്നതാകുമോ? അത്തരം ചിന്തകളെല്ലാം മാരുതിയുടെ സങ്കല്പത്തില്‍ അപ്രസക്തമാണ്. ഹനുമാന് രാവണനെ നല്ലവണ്ണമറിയാം. രാവണകൊട്ടാരത്തിന്റെ മേടകളിലും മണിമന്ദിരങ്ങളിലും മയറിയിറങ്ങി സീതാന്വേഷണം നടത്തിയ മാരുതിക്ക് അവിടത്തെ പ്രൗഢിയും രഹസ്യങ്ങളും നന്നായി മനസ്സിലായിട്ടുണ്ട്. അഴകിയ രാവണന്‍, സീതാദേവിയുടെ സമീപമെത്തി നിഷ്ഫലമായ പ്രണയ പ്രാര്‍ത്ഥന നടത്തുന്നതും സീതാദേവലിയില്‍ നിന്നു കിട്ടുന്ന ശാപവചസ്സുകളും കീടവദ്ദേഹനായിപുന്ന് മാരുതി ശ്രവിച്ചിട്ടുണ്ട്. ആഞ്ജനേയന്റെ അദവ്യമായ ആവേശം അണപൊട്ടി ഒഴുകിയത് രാമകഥാകഥനത്തിലൂടെയാണ്. രാമകഥ പറയുന്നതിലൂടെ ആഞ്ജനേയന് ദൗത്യധര്‍മമെന്നോണം തുറന്നുപറയേണ്ട സംഭവങ്ങളുമുണ്ടായിരുന്നു. സത്യപരിപാലനത്തിനും ധര്‍മസംരക്ഷണത്തിനും ഇറങ്ങിപുറപ്പെട്ട രാമന്റെ പത്‌നിയെ രാവണന്‍ അപഹരിച്ചതിന് അവന്‍ കൊല്ലപ്പെടേണ്ടവനാണെന്ന് നിസ്സങ്കോചം പറയുവാനുള്ള ആത്മബലം മാരുതിക്കുണ്ട്. രാവണന് അതൊരു പുതിയ അനുഭവമായിരിക്കണം. അന്നേവരെ ആ രാജസപ്രൗഢന്റെ മുന്നില്‍ ആരും അത്തരമൊരു പ്രസ്താവനയ്ക്ക് ധൈര്യപ്പെട്ടിട്ടില്ല. അതിനു പുറമേ ബാലിവധം, സുഗ്രീവസഖ്യം മാരുതി വിശദമാക്കി. അമിതബലവാനും അതിനീചനുമായ ശത്രുവിനോട് നടന്നു സംഭവങ്ങളെല്ലാം ബന്ധുവിനോടെന്നപോലെ തുറന്ന് അറിയിക്കുന്നത് യുക്തിഹീനമല്ലേ? മാരുതി സുഗ്രീവന്റെ അമാത്യനുമാണ്. ഒരു മന്ത്രി രാജ്യതന്ത്രഞ്ജനും കര്‍മകുശലനുമായിരിക്കണം. രാജാവിന് വിദഗ്ധമായ ഉപദേശം കൊടുക്കേണ്ടത് ഒരു മന്ത്രിയുടെ ചുമതലയാണ്. പ്രത്യേകിച്ചും യുദ്ധം സമാഗതമാകും എന്നു കരുതേണ്ട സമയം. രാവണനെപ്പോലെ കരുത്തുറ്റ ശത്രുവിനോടാണ് എതിര്‍ക്കേണ്ടത്. ഇങ്ങനെ നിഷ്‌കപടമായി തുറന്നുപറയുന്നത് യുദ്ധതന്ത്രത്തിനു പോരുന്നതാണോ? സംശയങ്ങള്‍ എന്തുമാകട്ടെ മാരുതിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ എല്ലാം നിഷ്പ്രഭങ്ങളാണ്. രാവണനെയും പരിവാരങ്ങളെയും ദുര്‍ബലമാക്കുന്ന തപസ്സിന്റെ ശക്തി രാമസങ്കല്പത്തിലൂടെ വളര്‍ന്നതാണ്. സത്യപരിപാലനത്തിലുള്ള നിഷ്‌കര്‍ഷയും ധര്‍മബോധത്തിലുള്ള ദൃഢതയുമാണ് സര്‍വതിന്മകളെയും അതിജീവിക്കുന്നതിനുള്ള കരുത്ത് നല്കുന്നത്. മനുഷ്യമനസ്സിന്റെ രാജസതാമസഗുണങ്ങള്‍ക്കെതിരെ വളര്‍ന്നുനില്ക്കുന്ന സാത്വിക പ്രതിരോധമാണ് ആഞ്ജനേയന്‍. അഹന്തയ്ക്ക് അറുതി വരുത്തുവാനും അജ്ഞതയെ അതിജീവിക്കുവാനുമുള്ള തത്വദാര്‍ഢ്യമാണ് അതുകൊണ്ട് ഉണ്ടാകുന്നത്. നിശ്ചിതമായ ലക്ഷ്യബോധവും നിഷ്‌കാമകര്‍മശക്തിയും അതിനാല്‍ ലഭ്യമാകും. നിര്‍ഭയത്വം ജീവന്റെ സ്വഭാവമായിത്തീരും. രാമസങ്കല്പം കൊണ്ടുള്ള തത്വദര്‍ശനം രാവണസാന്നിധ്യം കൊണ്ട് മങ്ങിപ്പോവുകയില്ല. മനുഷ്യമനസ്സിന് ഒരിക്കലെങ്കിലും സാത്വികസങ്കല്പം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അത് അചഞ്ചലമായിതന്നെ തുടരും. കാര്യകാരണബന്ധങ്ങളിലൂടെ വിവേചനവും വിശദീകരണവും അതിന് ആവശ്യമാണ്. അനുകൂല പ്രതികൂലെ സാഹചര്യത്തില്‍ മാറ്റം വരാതിരിക്കുവാനുള്ള സമത്വഭാവന കൊണ്ടേ അതു നേടാനാകൂ. അചഞ്ചലമായ ലക്ഷ്യം സാത്വികവൃത്തിക്കും അനുപേക്ഷണീയമാണ്. താല്ക്കാലിക സുഖങ്ങളില്‍ അമിതാസക്തിയുള്ള രാവണമനസ്സിന് അത് സാധ്യമാവുകയില്ല. ആഞ്ജനേയന്റെ നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമാണ് അതിനു പരിഹാരം.
തദനു മമ ഹൃദി സപതി രങുപതിരാനാരതം
തസ്യാംഗുലീയവുമുണ്ട് ശിരസിമേ
ഹനുമാന്റെ മനസ്സില്‍ രഘുപതിയും ശിരസ്സില്‍ രാമാങ്കുലീയവും സമുദ്രലംഘനത്തിന് ശക്തിനല്കുന്ന രണ്ട് മഹാസങ്കല്പങ്ങാണ്. രാമബാണത്തിനുള്ള വേഗതയോടെയാണ് ഹനുമാന്‍ സമുദ്രലംഘനം ചെയ്യുന്നത്. വാനരന്മാരുടെ സാന്നിദ്ധ്യത്തില്‍ ഹനുമാന്‍ നല്കുന്ന വാഗ്ദാനങ്ങളെല്ലാം രാമനെ അധികരിച്ചുള്ളതാണ്. മനസ്സിലും ബുദ്ധിയിലും ചലനത്തിലും രാമസങ്കല്പമാണ് ആഞ്ജനേയന്റെ നിശ്ചയദാര്‍ഢ്യത്തിനു ബലം പകരുന്നത്. അചഞ്ചലഹൃദയനായി ലക്ഷ്യത്തിലെത്തും എന്നുള്ള പ്രഖ്യാപനവും രാമസങ്കല്പത്തില്‍ നിന്നുള്ള പ്രചോദനമാണ്. (‘മനുജ പരിവൃഢചരണനളിതയുഗളം’ – ശ്രീരാമന്റെ പാദാരവിന്ദങ്ങള്‍) ആരാധ്യമായ ചിന്തയിലൂടെ ധ്യാനിച്ച് ഉറപ്പിച്ച മാരുതിയുടെ മനസ്സിനു ലഭിച്ച നിശ്ചയദാര്‍ഢ്യമാണ് ‘അദൈ്യവപശ്യാമീരാമപത്‌നീമഹം’ എന്നു പ്രഖ്യാപിക്കുവാന്‍ കരുത്തുനല്കിയത്. നൂറയോജനയുള്ള ലവണജലധിസങ്കല്പമാത്രം കൊണ്ട് കടന്നു പോകുവാനുള്ള സിദ്ധിക്കും കരുത്തിനും അടിസ്ഥാനവും മറ്റൊന്നല്ല. സുപരിചിതമായ യാത്രയിലെന്നപോലെ നിഷ്പ്രയാസം കടന്നുപോകുവാനും ദേവിയെ കണ്ട് വാര്‍ത്ത അറിയിച്ച് മടങ്ങി എത്തുവാനുമുള്ള ഔദാര്യവും രാമനെ ധ്യാനിച്ചുണ്ടായതാണ്.
(തുടരും)
Discussion about this post