മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിനൊടുവില്‍ വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി. ഇതോടെ പത്തുദിവസമായി തുടരുന്ന രാഷ്ട്രീയനാടകത്തിനു പര്യവസാനമായി. നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നു ഷിന്‍ഡെയോടു ഗവര്‍ണര്‍ നിര്‍ദേശിച്ചു.
ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്നു ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചത് ഏവരെയും അന്പരിപ്പിച്ചു. ഷിന്‍ഡെയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്നലെ രാത്രി ഏഴരയ്ക്കു രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാണു ഷിന്‍ഡെ. മന്ത്രിസഭാ വികസനം പിന്നീടു നടക്കും. വിമത ശിവസേനക്കാരും ബിജെപിക്കാരും ഏതാനും സ്വതന്ത്ര എംഎല്‍എമാരും മന്ത്രിസഭയിലുണ്ടാകും. ഇന്നലെ രാവിലെയാണു ഷിന്‍ഡെയും വിമത എംഎല്‍എമാരും ഗോവയില്‍നിന്നു മുംബൈയിലെത്തിയത്.
താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാഡി മണ്ഡലത്തെയാണ് ഏക്‌നാഥ് ഷിന്‍ഡെ(58) പ്രതിനിധീകരിക്കുന്നത്. താനെ മേഖലയിലും മുംബൈയിലും വന്‍ സ്വാധീനമുള്ള നേതാവായ ഷിന്‍ഡെ, താക്കറെ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയായിരുന്നു. അന്തരിച്ച നേതാക്കളായ ബാല്‍ താക്കറെയ്ക്കും രാഷ്ട്രീയ ഗുരുനാഥന്‍ ആനന്ദ് ദിഗെയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിയാകാനില്ലെന്നായിരുന്നു ഫഡ്‌നാവിസ് പ്രസ്താവിച്ചത്. ഫഡ്‌നാവിസ് മന്ത്രിസഭയിലുണ്ടാകുമെന്നു മിനിറ്റുകള്‍ക്കകം ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചു.
2014-2019 കാലത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്തു ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. നിലവില്‍ പ്രതിപക്ഷനേതാവായിരുന്നു. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അംഗമായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ.
Discussion about this post