ബര്‍മിംഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹന വിഭാഗത്തില്‍ ഇന്ത്യയ്ക്ക് പത്താം മെഡല്‍. പുരുഷന്മാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുര്‍ദീപ് സിംഗ് വെങ്കലം നേടി. ആകെ 390 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് ഗുര്‍ദീപ് സിംഗ് മെഡല്‍ കരസ്ഥമാക്കിയത്.
സ്‌നാച്ചിന്റെ ആദ്യ ശ്രമത്തില്‍ 167 കിലോ ഉയര്‍ത്താന്‍ സിംഗിന് സാധിച്ചില്ല. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍, അതേ ഭാരം വേഗത്തില്‍ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ശ്രമത്തില്‍ 173 കിലോ ഉയര്‍ത്താനും സിംഗ് പരാജയപ്പെട്ടു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഗുര്‍ദീപ് സിംഗ് 207 കിലോ ഉയര്‍ത്തി. രണ്ടാം ശ്രമത്തില്‍ 215 കിലോ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തില്‍ 223 കിലോ വിജയകരമായി ഉയര്‍ത്തി. 390 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സിംഗ് വെങ്കല മെഡല്‍ സ്വന്തമാക്കി.
കഠിനാധ്വാനവും അര്‍പ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു എന്നാണ് ഗുര്‍ദീപ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോമണ്‍വെല്‍ത്തില്‍ ഭാരോദ്വഹനത്തില്‍ വെങ്കല മെഡല്‍ നേടിയ ഗുര്‍ദീപ് സിംഗിന്റെ വിജയത്തിന് കാരണം ഇതാണ്. മെഡല്‍ നേടിക്കൊണ്ട് ഗുര്‍ദീപ് സിംഗ് സന്തോഷത്തിന് ഇരട്ടിമധുരം നല്‍കിയിരിക്കുകയാണ്. താരത്തിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഗുര്‍ദീപിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. പതിറ്റാണ്ടുകളായി ചാമ്പ്യന്മാരുടെ സ്ഥലമായ പാട്യാലയില്‍ നിന്നും മറ്റൊരു മെഡല്‍ ജേതാവ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഗുര്‍ദീപിന് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ ഇന്ത്യ 17 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതലും ഭാരോദ്വഹനത്തിലാണ് മെഡല്‍ വേട്ട നടത്തിയിരിക്കുന്നത്. ഗെയിംസിലെ നിലവിലെ ടോപ് സ്‌കോറര്‍ ഓസ്ട്രേലിയയാണ്(46 സ്വര്‍ണം) പിന്നാലെ ഇംഗ്ലണ്ടുമുണ്ട്(38 സ്വര്‍ണം).
Discussion about this post