തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചന, കവിതാ രചന, കവിതാ പാരായണം തുടങ്ങിയ കലാമത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചിത്രരചനയ്ക്ക് സ്വാമിജി തിരുവടികളുടെ ചിത്രമാണ് വരയ്‌ക്കേണ്ടത്. ചിത്രരചനയ്ക്ക് ഏതു മാധ്യമവും സ്വീകരിക്കാവുന്നതാണ്.
സ്വാമിജിയെക്കുറിച്ചുള്ള കവിതകളാണ് കവിതാ രചന മത്സരത്തിന് അയക്കേണ്ടത്. സ്വാമിജി തിരുവടികള്‍ രചിച്ച കവിതകള്‍ പാരായണ മത്സരത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്. ചിത്രങ്ങള്‍ ഈമെയിലായും കവിതകള്‍ വാട്‌സ് ആപ്പ് വഴിയും റിക്കോര്‍ഡ് ചെയ്ത് അയക്കണം. കവിതകളുടെ ദൈര്‍ഘ്യം 5 മിനിട്ടില്‍ കവിയാന്‍ പാടില്ല. ഒക്ടോബര്‍ 5 വരെ സൃഷ്ടികള്‍ ഓണ്‍ലൈനായി അയക്കാവുന്നതാണ്. രചനകളും ചിത്രവും അയക്കുന്ന മത്സരാര്‍ത്ഥിയുടെ പേര്, വയസ്സ്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഏത് വിഭാഗമാണെന്നതും (ജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍) രേഖപ്പെടുത്തണം. കവിതാരചനക്കും കവിതാ പാരായണത്തിനും ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് കവിതകള്‍ സമ്മേളനവേദിയില്‍ ആലപിക്കുവാന്‍ അവസരമുണ്ടായിരിക്കും.
സമ്മാനങ്ങള്‍ ഒക്ടോബര്‍ 16ന് ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന വിശ്വശാന്തി സമ്മേളനത്തില്‍ വിതരണം ചെയ്യും. സബ്ജൂനിയര്‍ – 3 മുതല്‍ 8 വയസ്സു വരെ, ജൂനിയര്‍ – 8 മുതല്‍ 13 വയസ്സു വരെ, സീനിയര്‍ – 13 മുതല്‍ 18 വയസ്സു വരെ എന്നിങ്ങനെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. സൃഷ്ടികള്‍ അയക്കേണ്ട ഈമെയില്‍ വിലാസം: [email protected] വാട്‌സ് ആപ്പ് നമ്പര്‍: +91 7907860064, കൂടുതല്‍ വിവരങ്ങള്‍ക്ക് – 9447460735, 9847152405 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Discussion about this post