തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി വിശ്വശാന്തി മഹായജ്ഞമായി ഒക്ടോബര്‍ 1 മുതല്‍ 17 വരെ ശ്രീരാമദാസാശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു. കൊട്ടിയൂര്‍ പാലുകാച്ചിമല ജഗദ്ഗുരു സ്വാമി സത്യാനന്ദ ഗുരുപീഠ പ്രതിഷ്ഠാ വാര്‍ഷികദിനമായ ഒക്ടോബര്‍ 1ന് വിശ്വശാന്തി മഹായജ്ഞത്തിന് തുടക്കമാകും. ഒക്ടോബര്‍ 2ന് കാസര്‍ഗോഡ്, 3ന് കണ്ണൂര്‍, 4ന് വയനാട്, 6ന് മലപ്പുറം, 7ന് പാലക്കാട്, 8ന് ഇടുക്കി-കോഴിക്കോട്, 9ന് എറണാകുളം, 10ന് തൃശ്ശൂര്‍, 11ന് കോട്ടയം, 12ന് പത്തനംതിട്ട, 13ന് ആലപ്പുഴ, 14ന് കൊല്ലം എന്നീ ജില്ലകളില്‍ യജ്ഞം നടക്കും.
ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ പാലുകാച്ചി മുതല്‍ അനന്തപുരി വരെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന ജയന്തി ആഘോഷപരിപാടികളില്‍ ഗുരുപൂജ, ശ്രീരാമായണ പാരായണം, ഗുരുഗീതാ പാരായണം, സര്‍വമംഗളപൂജ, അമൃതഭോജനം, വിശ്വശാന്തി സമ്മേളനം, ഭജന, മംഗളാരതി എന്നിവ നടക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 16ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈകുന്നേരം 4ന് സംഗീത സദസ്സ്, 5ന് വിശ്വശാന്തി സമ്മേളനം, 6ന് നാട്യസമര്‍പ്പണം എന്നിവ നടക്കും. ജയന്തി ദിനമായ ഒക്ടോബര്‍ 17ന് രാവിലെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ആരാധനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഗുരുഗീതാ പാരായണം, അഹോരാത്ര ശ്രീരാമായണ പാരായണം, ലക്ഷാര്‍ച്ചന, പൂമൂടല്‍, സംഗീതാര്‍ച്ചന, ചെണ്ടമേളം, ഭജന എന്നിവ നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ 18ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ആഘോഷപരിപാടികള്‍ സമാപിക്കും.













