ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് ശശി തരൂര്‍ എംപിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തരൂര്‍ എത്തിയത്. പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പത്രിക നല്‍കി. ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു.
ഖാര്‍ഗെയ്ക്ക് ജി23 നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. ഖാര്‍ഗെ സംയുക്ത സ്ഥാനാര്‍ത്ഥിയാണെന്ന് ജി23 നേതാക്കളില്‍ പ്രമുഖനായ മുകുള്‍ വാസ്നിക്ക് പറഞ്ഞു. അതേസമയം, മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തും. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാടുണ്ടെന്നും ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും തരൂര്‍ പറഞ്ഞു.എ.ഐ.സി.സി ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് അതോറിട്ടി ഓഫീസിലെത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
അതേസമയം, മത്സരരംഗത്തുണ്ടായിരുന്ന ദിഗ്വിജയ് സിംഗ് അവസാന നിമിഷം പിന്‍മാറിയിരുന്നു. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദിഗ്വിജയ് സിംഗ് പിന്‍മാറിയത്. മത്സരാര്‍ത്ഥികളുടെ അവസാന പട്ടിക ഒക്ടോബര്‍ എട്ടിനാണ് പുറത്തുവിടുന്നത്. ഒക്ടോബര്‍ 17ന് തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 19ന് ഫലം പുറത്തുവരും.













