തിരുവനന്തപുരം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍(68) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് രാത്രി 8.10 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. വിദഗ്ദ്ധചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ വിനോദിനിയും മക്കളായ ബിനോയ്, ബിനീഷ് എന്നിവരും അടുത്തുണ്ടായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സംസ്ഥാനസെക്രട്ടറി പദം കോടിയേരി ഒഴിഞ്ഞ് പകരം എം.വി. ഗോവിന്ദനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.എം സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടയ്ക്ക് ആരോഗ്യകാരണങ്ങളാല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറിസ്ഥാനത്ത് നിന്ന് കോടിയേരി അവധിയെടുത്തിരുന്നുവെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല. അന്ന് കേന്ദ്രകമ്മിറ്റിയംഗവും ഇപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവനാണ് അന്ന് താല്‍ക്കാലിക ചുമതല നല്‍കിയത്.
കണ്ണൂരിലെ കല്ലറ തലായി എല്‍.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്റെ ജനനം. നാല് സഹോദരിമാരുടെ പ്രിയപ്പെട്ട അനുജനായാണ് ഏറ്റവും ഇളയവനായ ബാലകൃഷ്ണന്‍ വളര്‍ന്നത്. ആറ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഒണിയന്‍ പബ്ലിക് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം അറസ്റ്റിലായി 16 മാസം ജയിലില്‍ കിടന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷമാണ് ജയില്‍മോചിതനായത്. ഈ കാരാഗൃഹവാസമാണ് പിണറായിയെയും കോടിയേരിയെയും പ്രിയപ്പെട്ട സുഹൃത്തുക്കളാക്കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തനത്തിനൊപ്പം ട്രേഡ് യൂണിയന്‍ രംഗത്തും ചുവടുറപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ പീടിക ബ്രാഞ്ച് അംഗമായി.
18ാം വയസ്സില്‍ ലോക്കല്‍സെക്രട്ടറിയും 36ാം വയസ്സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി. ഇത്രയും കുറഞ്ഞ പ്രായത്തില്‍ മറ്റൊരു ജില്ലാ സെക്രട്ടറി കണ്ണൂരില്‍ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. 54ാം വയസ്സിലാണ് പോളിറ്റ്ബ്യൂറോയിലെത്തിയത്. 1982, 87, 2001, 2006, 2011 വര്‍ഷങ്ങളിലായി കാല്‍നൂറ്റാണ്ടോളം നിയമസഭയില്‍ തലശ്ശേരിയെ പ്രതിനിധീകരിച്ചു. 2006ലും 11ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ വി.എസ് മന്ത്രിസഭയില്‍ സുപ്രധാനമായ ആഭ്യന്തരം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി മികച്ച പ്രവര്‍ത്തനം നടത്തി.
2015ല്‍ സി.പി.എമ്മിന്റെ ആലപ്പുഴ സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി സംസ്ഥാനസെക്രട്ടറിയാവുന്നത്. 2018ല്‍ വീണ്ടും തൃശൂര്‍ സമ്മേളനത്തില്‍ വച്ച് സെക്രട്ടറിയായി. 2020 നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ താല്‍ക്കാലികമായി ഒഴിവായി ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ഭാര്യ തലശ്ശേരി മുന്‍ എം.എല്‍.എ പരേതനായ എം.വി. രാജഗോപാലന്റെ മകള്‍ എസ്.ആര്‍. വിനോദിനി. മക്കള്‍ ബിനോയ്, ബിനീഷ്.
Discussion about this post