മൃഡാനന്ദസ്വാമികള്‍
ഇന്നു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള രണ്ടു വാക്കുകളാണ് മതമെന്നും അദ്ധ്യാത്മികതയെന്നും ഉള്ളത്. മതം പലപല കുഴപ്പങ്ങളും ലോകത്തിലുണ്ടാക്കിത്തീര്‍ക്കുന്നുവെന്നും സമുദായങ്ങളെ തമ്മില്‍ത്തല്ലിക്കുവാനും കലഹങ്ങളും കലാപങ്ങളും ഉണ്ടാക്കുവാനും മാത്രമേ അത് ഉപയുക്തമായിത്തീരുന്നുള്ളൂവെന്നും അതുകൊണ്ട് മതത്തിന്റെ സ്വാധീനത്തില്‍നിന്നും മനുഷ്യരെ വിമുക്തരാക്കിയാല്‍ മാത്രമേ ലോകം നന്നാവുകയുള്ളൂവെന്നും വാദിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ നാം കാണുന്നുണ്ട്. ആദ്ധ്യാത്മികത പരലോകത്തെപ്പറ്റി ചിന്തിക്കുവാനാണ് പ്രേരിപ്പിക്കുന്നതെന്നും അനുഭവപ്രത്യക്ഷമായ ഈ ലോകത്തിലെ സുഖസൗകര്യങ്ങളെയെല്ലാം, കാണുവാനോ അറിയുവാനോ സാധിക്കാത്ത എന്തോ ഒന്നിനുവേണ്ടി ഉപേക്ഷിക്കുവാനാണ് ആദ്ധ്യാത്മികത ഉപദേശിക്കുന്നതെന്നും അതു മൂഢത്മാരുടെ അന്ധവിശ്വാസ ജടിലമായ ഒരു സങ്കല്‌പം മാത്രമാണെന്നാണ് പലരുടെയും വാദഗതി. ഈ അഭ്‌പ്രായങ്ങളുടെ സാധുത എത്രത്തോളം ഉണ്ട്? എന്ന് വിചാരം ചെയ്‌തറിയേണ്ടത് ഇന്ന് പലരുടെയും സംശയ പരിഹാരത്തിന് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
ഇന്നു നാം മനസ്സിലാക്കുന്ന രീതിയിലുള്ള മതങ്ങളുടെയും ആ മതങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള സ്ഥാപനങ്ങളുടെയും പേരില്‍ ഒട്ടനേകം കലഹങ്ങളും കലാപങ്ങളും, ഉണ്ടായിട്ടുണ്ടെന്നുള്ളതു ശരിതന്നെ ഈ കുഴപ്പങ്ങള്‍ക്കു കാരണമായതു മതമാണെന്നതുകൊണ്ട് മതത്തെത്തന്നെ നിരാകരിക്കയാണോ വേണ്ടത്, അതോ കുഴപ്പങ്ങള്‍ക്കുള്ള കാരണം കണ്ടുപിടിച്ച് അതിനെ പരിഹരിക്കയാണോ വേണ്ടത്? എന്നു നാം ആലോചിക്കേണ്ടിയിരിക്കുന്നു തലയില്‍ പേന്‍ വന്ന് ഉപദ്രവിക്കുന്നു എന്നതുകൊണ്ട് തലതന്നെ വെട്ടിക്കളയണമോ, അതോ പേനിനെ നശിപ്പിക്കുവാനുള്ള മാര്‍ഗ്ഗം നോക്കണമോ എന്നതാണ് പ്രശ്‌നം. ലോകത്തില്‍ ഏതിന്റെ പേരിലാണ് ലഹള ഉണ്ടാകാതിരുന്നിട്ടുള്ളത്? കമ്മ്യൂണിസവും സോഷ്യലിസവും എത്രമാത്രം ലഹളകളുണ്ടാക്കിയിട്ടില്ല? ഇന്നു വിദ്യാശാലകളില്‍, വ്യവസായശാലകളില്‍, വാണിജ്യകേന്ദ്രങ്ങളില്‍ കലാപങ്ങള്‍ നടക്കുന്നില്ലേ? കക്ഷിരാഷ്‌ട്രീയം ഭാരതത്തില്‍ എത്രമാത്രം അശാന്തിയും അസമാധാനവും ഉണ്ടാക്കിയിട്ടുണ്ട്? എത്രമാത്രം കൊള്ളയും കൊലയും നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമെല്ലാം നിരോധിക്കണമെന്ന് ആരും വാദിച്ചുകാണുന്നില്ല. പിന്നെയെന്തിന്നു മതത്തിന്റെ കാര്യത്തില്‍ മാത്രം ഈ വാശി?
ഒരു ഉദാഹരണമായി ബംഗ്ലാദേശത്തെ എടുത്തുനോക്കുക: മതസ്വാതന്ത്ര്യത്തോടുകൂടി നല്ല മുസ്സല്‍മാന്‍മാരായി ജീവിക്കുവാന്‍വേണ്ടിയാണ് പാക്കിസ്ഥാന്‍ ഇന്‍ഡ്യയില്‍ നിന്നും വേറിട്ടുപോയത്. നിവൃത്തിയുള്ളേടത്തോളം മറ്റു മതക്കാരെയെല്ലാം അവിടെനിന്ന് പുറത്താക്കുകയും. ചെയ്‌തു, തൊണ്ണൂറ് ശതമാനത്തിലധികം മുസ്ലീം, മതാനുയായികള്‍ മാത്രം നിവാസിക്കുന്ന ബംഗ്ലാദേശില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനികള്‍ എന്താണ് ചെയ്‌തത്? എത്രമാത്രം കൊള്ളയും കൊലയുമാണ് നടത്തിയത്? എത്രമാത്രം നാശനഷ്‌ടങ്ങളുണ്ടാക്കി? എത്ര ആയിരം ജീവന്‍ അപഹരിക്കപെട്ടു? അതിനെല്ലാം മതമാണോ കാരണം? ഒരിക്കലുമല്ല, രാഷ്‌ട്രീയമായ സ്വാര്‍ത്ഥതാല്‍പര്യങ്ങളാണ് അവിടെ മുമ്പില്‍ നില്‍ക്കുന്നത്. ഇതുപോലെതന്നെയാണ് മറ്റെല്ലാരംഗങ്ങളിലും. നിഃസ്വാര്‍ത്ഥ പ്രവര്‍ത്തകരായ ദേശസ്‌നേഹികളുടെ കൈകളില്‍ കമ്മ്യൂണിസവും സോഷ്യലിസവും എന്നുവേണ്ട രാഷ്‌ട്രീയംപോലും രാഷ്‌ട്രനന്മക്കു കാരണമായിത്തീരുന്നു. പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ കയറിപ്പറ്റുമ്പോള്‍ ഏതു നന്മയും നാട്ടിന് തിന്മയായി രൂപാന്തരപ്പെടുന്നു ഇതുതന്നെയാണ് നാട്ടിന് തിന്മയായി രൂപാന്തരപ്പെടുന്നു ഇതുതന്നെയാണ് മതങ്ങളുടെ കാര്യത്തിലും നാം കാണുന്നത്. `സര്‍വ്വഭൂതഹിതേരത’ന്മാരായ മതാചാര്യന്മാരുടെ ലക്ഷ്യം ലോകത്തിന്റെ സര്‍വ്വതോമുഖമായ നന്മമാത്രമായിരുന്നു. അനുയായികളുടെ കൈകളില്‍ അതു തിന്മക്കു കാരണമായിട്ടുണ്ടെങ്കില്‍ എവിടെയോ തെറ്റുപറ്റിയിട്ടുണ്ടെന്നു മനസ്സിലാക്കി ആ തെറ്റു പരിഹരിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ മനുഷ്യര്‍ക്ക് ജീവിതലക്ഷ്യം പ്രാപിക്കുവാന്‍ പ്രചോദനവും സഹായവും നല്‍കുന്ന മതങ്ങളെ നശിപ്പിക്കുകയല്ല.
ഇനി ആദ്ധ്യാത്മികതയെപ്പറ്റിയാണെങ്കില്‍, പരലോകത്തില്‍ സുഖം നേടുവാന്‍ വേണ്ടി ഈ ലോകത്തെയും ലോകകാര്യങ്ങളെയും ലൗകീക സുഖഭോഗങ്ങളേയും എല്ലാം പാടേ ഉപേക്ഷിച്ച് കഠിന വ്രതനിഷ്‌ഠകളോടുകൂടിയ ശുഷ്‌കമായ ഒരു ജീവിതം എല്ലാവരും നയിക്കണമെന്ന് ആദ്ധ്യാത്മികാചാര്യന്മാരുപദേശിക്കുന്നില്ല. അങ്ങനെ ഉണ്ടെന്നു വിചാരിക്കുന്നതു ഒരു തെറ്റിദ്ധാരണമാത്രമാണു അനിത്യവും അസുഖവുമായ ഈ ലോകത്തില്‍ നിത്യവും സുഖവുമായ മൂല്യങ്ങളെ നമ്മെ സഹായിക്കും എന്നാണവര്‍ ഓര്‍മ്മിപ്പിക്കുന്നത്. തിന്നും കുടിച്ചും തിമിര്‍ത്തും കഴിഞ്ഞതിനു ശേഷം മൃഗങ്ങളെപ്പോലെ മണ്‍മറഞ്ഞു പോവുകമാത്രമാണോ മനുഷ്യധര്‍മ്മം? മഹത്തായ മനുഷ്യജന്മം നമുക്കു ലഭിച്ചിരിക്കുന്നത് ലോകത്ത് പ്രയോജനപ്രദമായി ജീവിച്ച് ശ്രേഷ്‌ഠമായ ഒരു ലക്ഷ്യം നേടുന്നതിനാണ്. ആ ലക്ഷ്യ പ്രാപ്‌തിക്കു സഹായകമായ ആത്മവികാസം പ്രാപിക്കുവാന്‍ ക്ഷുദ്രമായ വ്യക്തിത്വത്തില്‍നിന്ന് ലോകപൗര്‌ത്വത്തിലേക്കു വികസിക്കുവാന്‍, ലൗകീകബന്ധങ്ങളും സുഖജീവിതവും ഉപേക്ഷിച്ച് വനാന്തരങ്ങളെ പ്രാപിക്കണമെന്നോ കായ്‌കനികള്‍മാത്രം ഭക്ഷിച്ച് തപസ്സു ചെയ്യണമെന്നോ ഉള്ള ഒരു തെറ്റിദ്ധാരണയാണ് ആദ്ധ്യാത്മികതയെപ്പറ്റി നവീനന്മാരുടെ അഭിപ്രായത്തിനടിസ്ഥാനമായി നില്‍ക്കുന്നത്. അങ്ങിനെയുള്ള കഠിനതപസാഗ്രഹിക്കുന്നവരും അതിന്നധികാരികളും അങ്ങനെ ചെയ്‌തുകൊള്ളട്ടെ. പക്ഷേ സാധാരണജനങ്ങള്‍ക്ക് നിത്യനൈമിത്തികങ്ങളായ സാംസാരിക വ്യവഹാരങ്ങളില്‍ വ്യാപരിക്കുന്നതോടൊപ്പംതന്നെ ഉള്ളില്‍ നിറഞ്ഞ ഭക്തിയോടും നിസ്സംഗതയോടും കൂടി ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ച് പാരത്രികാനന്ദ കൈവരുത്തുവാന്‍ സാധിക്കും എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഈ ജീവിതത്തെ മനുഷ്യാത്മാവിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയായി കാണണം. ആ യാത്രയില്‍ നമുക്ക് അനുവര്‍ത്തിക്കാനുള്ള സുഗമമായ മാര്‍ഗ്ഗമാണ് ആദ്ധ്യാത്മികത, അതാണ് യോഗശാസ്‌ത്രം നമ്മെ പഠിപ്പിക്കുന്നത്.
ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകം മാത്രമാണ് സത്യമായിട്ടുള്ളതെന്ന് ഈ ലോകത്തിനുള്ള സുഖഭോഗങ്ങള്‍ തന്നെയാണ് ജീവിതലക്ഷ്യമെന്നു വിചാരിച്ച് ഭൗതികമൂല്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ജീവിതത്തെ മാത്രമേ ആദ്ധ്യാത്മിക ശാസ്‌ത്രം അപലപിക്കുന്നുള്ളൂ. ഇങ്ങനെയുള്ള സുഖപ്രതീക്ഷകളല്ലാതെ യഥാര്‍ത്ഥ സുഖം അനുഭവിക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിക്കുന്നതിനുമുമ്പ് ഈ ലോകത്തിനോട് യാത്ര പറയേണ്ടതായും വരികയും ചെയ്യും.
ഭോഗാ ന ഭുക്താ വയമേവ ഭുക്താ:
തപോ ന തപ്‌തം വയമേവ തപ്‌താ:
കലോ ന യാതോ വയമേവ യാതാ:
തൃഷ്‌ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാ:
എന്നു പശ്ചാത്തപിക്കേണ്ടിവരും. ലോകത്തിലുള്ള ഭോഗങ്ങള്‍ക്കോ തപസ്സിനോ കാലത്തിനോ തൃഷ്‌ണായ്‌ക്കോ യാതൊരു കുറവും പറ്റിയിട്ടില്ല. അവയുടെ പിന്നാലെ ഓടിനടന്ന് നാം നമ്മുടെ ജീവിതം നഷ്‌ടപ്പെടുത്തിയെന്നു മാത്രം അസ്ഥിരമായ ഭൗതികലോകത്തിലെ സുഖഭോഗങ്ങളില്‍ സംതൃപ്‌തിനേടുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഭോഗാതനായ യയാതി തന്റെ വാര്‍ദ്ധക്യം നല്‍കി മകന്റെ യൗവനം ഏറ്റുവാങ്ങി. ലൗകിക സുഖഭോഗങ്ങളില്‍ സംതൃപ്‌തി നേടുവാന്‍വേണ്ടി. ആയിരം കൊല്ലങ്ങളിലെ സുഖാനുഭവങ്ങള്‍ക്കുശേഷമേ അദ്ദേഹത്തിന് മനസ്സിലായുള്ളൂ `നജാതു കാമ: കാമാനാമുപഭോഗേന ശാമ്യതി’ എന്ന്. ആഗ്രഹങ്ങളെ അനുഭവിച്ച് തൃപ്‌തിപ്പെടുത്തുക എന്നതു സാധ്യമല്ലതന്നെ. തീയ്യില്‍ നെയ്യൊഴിച്ചാലെന്നപോലെ അതു ക്രമേണ വര്‍ദ്ധിച്ചുകൊണ്ടേവരും ദേവീമാഹാത്മ്യത്തില്‍ പറയുന്ന രക്തബീജന്റെ ഒരു തുള്ളിരക്തം നിലത്തു വീഴുമ്പോള്‍ അതില്‍നിന്നു നൂറുനൂറു രക്തബീജന്മാരുണ്ടാകുന്നു. അതുപോലെ അനേകം ആഗ്രഹങ്ങള്‍ക്കു ജന്മം കൊടുത്തുകൊണ്ടേ ഒരാഗ്രഹം നശിക്കുകയുള്ളൂ. അതിനാല്‍ സുഖാനുഭവങ്ങളില്‍ സംതൃപ്‌തിയുണ്ടാവുക എന്നതു സാധ്യമല്ല. സംതൃപ്‌തിയില്‍ നിന്നല്ലാതെ സുഖമുണ്ടാകയുമില്ല. അതുകൊണ്ട് സുഖേച്ഛുവായ മനുഷ്യന്റെ കര്‍ത്തവ്യം സംതൃപ്‌തിയുണ്ടാക്കുവാന്‍, ആഗ്രഹങ്ങള്‍ ശമിക്കുവാന്‍, എന്താണു മാര്‍ഗ്ഗമെന്നാരായുകയാണ്. ആ മാര്‍ഗ്ഗമാണ് ആദ്ധ്യാത്മികശാസ്‌ത്രം നമുക്കു പദേശിക്കുന്നത്.
മതമെന്നാലെന്താണെന്നു മനസ്സിലാക്കിയാല്‍ തെറ്റിദ്ധാരണകള്‍ പലതും നീങ്ങുന്നതാണ്. മനുഷ്യന്റെ യാഥാര്‍ത്ഥ്യമെന്താണന്നറിവാന്‍ സഹായിക്കുന്നതാണ് മതം മനുഷ്യനില്‍ അന്തര്‍ല്ലീനമായ ദിവ്യത്വത്തിന്റെ പ്രകാശനമാണ് മതമെന്നു പറയുമ്പോള്‍ വിവേകാനന്ദസ്വാമികള്‍ അര്‍ത്ഥമാക്കുന്നത് അവനവനെത്തെന്നെ അറിയലാണ് മതത്തിലെ ലക്ഷ്യമെന്നാണ് ലോകത്തിലുള്ള എല്ലാം അറിവാന്‍ കഴിഞ്ഞാലും തന്നെത്താന്‍ അറിവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്താണൊരു ഫലം? “എന്നെപ്പറ്റി അറിവാന്‍ എനിക്കാഗ്രഹമില്ല” എന്നു പറയുന്ന മൂഢന്മാര്‍ മാത്രമേ മതത്തെ അനാവശ്യമെന്നുപറഞ്ഞു തള്ളിക്കയുകയുള്ളൂ നശ്വരങ്ങളായ ദേഹമേ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ അല്ല താനെന്നും. ഇവയെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്ന അന്തര്യാമിയായ ഒരു ചൈതന്യം നമ്മിലുണ്ടെന്നും മനസ്സിലാക്കു ആ അന്തരാത്മാവിന്റെ സ്വരൂപമറിയണമെന്നേ മതമുപദേശിക്കുന്നുള്ളൂ. അത് ആര്‍ക്കാണ് സ്വീകാര്യമല്ലാതിരിക്കുക? ആ ആത്മജ്ഞാനം നേടുവാനുള്ള മാര്‍ഗ്ഗങ്ങളാണ് മതം ഉപദേശിക്കുന്ന സാധനകളെല്ലാം അത്യന്തസസൂക്ഷ്‌മമായ ആത്മതത്ത്വം അറിയണമെങ്കില്‍ നമ്മുടെ മനസ്സിനെയും അതുപോലെ സുസൂക്ഷ്‌മവും ഏകാഗ്രവുമാക്കിത്തീര്‍ക്കണം. സ്ഥൂലമായ മനസ്സുകൊണ്ട് സ്ഥൂലങ്ങളായ കാര്യങ്ങളെ മാത്രമേ അറിവാന്‍ സാധിക്കുകയുള്ളുവല്ലോ.
മനസ്സിന്റെ ഏകാഗ്രത നേടുവാനാണ് ഈശ്വരവിശ്വാസവും ധ്യാനജപാദികളുമെല്ലാം വിധിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് അവ എല്ലാ മതങ്ങളുടെയും അധിഷ്‌ഠാനതത്ത്വങ്ങളായിത്തീര്‍ന്നതും. ഈശ്വരസങ്കല്‌പങ്ങള്‍ക്ക് കാലദേശാവസ്ഥകള്‍ക്കനുസരിച്ച് വ്യത്യാസങ്ങളുണ്ടാകുമെങ്കിലും അവയുടെയെല്ലാം ലക്ഷ്യമൊന്നാണെന്നുധരിക്കണം. അങ്ങനെതന്നെത്താനറിയുവാന്‍ സഹായകമായരീതിയില്‍ ഈശ്വരവിശ്വാസത്തിലും സദാചാരബോധത്തിലും അധിഷ്‌ഠിതമായ മതം എങ്ങിനെയാണ് മനുഷ്യനെ ദുഷിപ്പിക്കുക? മനുഷ്യനെ നന്നാക്കുവാന്‍, സ്വാഭാവിക വികാരങ്ങളായ കാമക്രോധാദികളെ ഉദാത്തങ്ങളാക്കി മനസ്സിനെ സംശുദ്ധമാക്കുവാന്‍ സാമുദായിക ജീവിതത്തെ ഉല്‍കൃഷ്‌ടമാക്കുവാന്‍ വേണ്ടിയാണ് മതതത്വങ്ങള്‍ ഉപദേശിക്കപ്പെട്ടിട്ടുള്ളത്. പരിപൂര്‍ണ്ണതയ്‌ക്കുള്ള മാര്‍ഗ്ഗങ്ങളാണ് അവ, എന്നാല്‍ കാലക്രമത്തില്‍ അധികാര മോഹികളും ധനലോഭികളുമായ `ഉയര്‍ന്ന മനുഷ്യ’രുടെ സ്വാര്‍ത്ഥ പരതയില്‍നിന്നും രൂപം പൂണ്ട ആചാരാനുഷ്‌ഠാനങ്ങളും ആശയങ്ങളുമാണ് സമുദായത്തില്‍ കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായിത്തീര്‍ന്നത്. അതിനുള്ള ഒരുദാഹരണമാണ് ജന്മംകൊണ്ടുള്ള ജാതിനിര്‍ണ്ണയവും ജാതിയില്‍കാണുന്ന വൈവിദ്ധ്യവും. മറ്റുമതങ്ങളിലാണെങ്കില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങളില്‍ സ്വേച്ഛയാ വ്യാഖ്യാനിച്ച് സങ്കുചിതമായി തീര്‍ത്ത മതബോധത്തില്‍നിന്നു ഉടലെടുത്ത കടുംപിടുത്തങ്ങളാണ് മതകലാപങ്ങള്‍ക്ക് കളമൊരുക്കുന്നത്. ഇങ്ങനെയുള്ള ദോഷങ്ങളെ രൂപീകരിച്ച് ശുദ്ധമായ മതതത്വങ്ങളെ പ്രചരിപ്പിക്കുകയാണ് ജനങ്ങളെ ശ്രേയസ്സിലേക്കു നയിക്കുവാനുള്ള മാര്‍ഗ്ഗം.
മതവിഷയത്തില്‍ ഒരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം. വിഭിന്നങ്ങളായ മനോഭാവങ്ങളോടും ആശയങ്ങളോടും അഭിരുചികളോടും കൂടിയവരാണ് മനുഷ്യര്‍. അവരെല്ലാം ഒരേവിധത്തില്‍ പെരുമാറണം, ഒരേ വിധത്തില്‍ വസ്‌ത്രം ധരിക്കണം, ഒരേ സമയത്ത് ദേവാലയങ്ങളില്‍ പോകണം, ഒരേ വിശ്വാസം പുലര്‍ത്തണം, ഒരേ രീതിയില്‍ പ്രാര്‍ത്ഥിക്കണം എന്നെല്ലാം പറയുന്നതും ഉദ്ദിഷ്‌ഠ ഫലപ്രാപ്‌തിക്കു സഹായകമാവുകയില്ല. ബാഹ്യനിര്‍ബന്ധത്തിനനുസരിച്ച് ശരീരം വ്യാപരിക്കുമെങ്കിലും മനസ്സ് അതിനു സമ്മതിക്കുമോ? ഉദാഹരണമായി പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സ് ഏകാഗ്രമായി അവിടെത്തന്നെ നില്‍ക്കുമോ? ഓരോരുത്തരും അവരവരുടെ പ്രശ്‌നങ്ങളെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കും ഇങ്ങനെയുള്ള കപടപ്രാര്‍ത്ഥന പ്രേരിപ്പിക്കുന്നതിനേക്കാള്‍ അവരവര്‍ക്കിഷ്‌ടമുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുവാന്‍ അനുവദിക്കുകയാണ്.
എല്ലാ മാര്‍ഗ്ഗങ്ങളും എത്തിച്ചേരുന്നത് ഒരേ ലക്ഷ്യത്തിലാണെന്ന തത്വം സ്വീകരിക്കുകയാണ് വേണ്ടത്. ശ്രീരാമകൃഷ്‌ണന്‍ ഉപദേശിക്കുന്ന മതസമന്വയം ഇതുതന്നെയാണ് `യത മത തത പഥ’ (എത്രമതങ്ങളുണ്ടോ അത്ര മാര്‍ഗ്ഗങ്ങളുണ്ട്) എന്നഭിപ്രായം അദ്ദേഹം ആവിഷ്‌കരിച്ചത് ഒരു തത്വദര്‍ശനമെന്നനിലയിലല്ല പുസ്‌തകം വായിച്ചു മനസ്സിലാക്കിയിട്ടല്ല വിധിയുടെ പ്രവര്‍ത്തനം കൊണ്ടുമല്ല; പിന്നെയോ, അനുഭൂതിയുടെ പശ്ചാത്തലത്തില്‍ നിന്നാകുന്നു. ഭാരതീയ മതങ്ങള്‍ മാത്രമല്ല, വൈദേശിക മതങ്ങള്‍ അനുസരിച്ചുള്ള സാധനകള്‍കൂടി അനുഷ്‌ഠിച്ച് ലക്ഷ്യം സാക്ഷാത്‌കരിച്ച് അവരുടെ എല്ലാം പ്രാപ്യസ്ഥാനം ഒന്നാണെന്നും അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് മതസംവാദത്തിനുവേണ്ടി ശ്രമിക്കുന്നവരും ലക്ഷ്യപ്രാപ്‌തിക്കു ഒരേ മാര്‍ഗ്ഗമേയുള്ളൂ എന്ന കടുംപിടിത്തത്തിനു അയവുവരുത്താതെ വിജയിക്കുവാന്‍ പോകുന്നില്ലെന്നതു തീര്‍ച്ചയാണ്. “വൈവിദ്ധ്യത്തില്‍ ഏകത്വം” എന്ന ഈ തത്വത്തിലൂടെ മാത്രമേ ലോകത്ത് സഹവര്‍ത്തിത്വവും സമാധാനവും ഉണ്ടാവുകയുള്ളൂ. (തുടരും)
Discussion about this post