തിരുവനന്തപുരം: തുറമുഖത്തിനെതിരായ സമരത്തോടനുബന്ധിച്ച് വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. നിയമസഭയില്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. അതിനാല്‍ നിയമാനുസൃതമായാണ് പൊലീസ് നടപടി എടുത്തത്. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനിടെയാണ് വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായത്. സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന കുറ്റത്തിനാണ് കേസ്. സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന നൂറിലധികം പേരും പ്രതികളാണ്.
ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയ്‌ക്കൊടുവില്‍ സമരം പിന്‍വലിക്കുകയായിരുന്നു. അതോടെ നിര്‍മ്മാണത്തിന്റെ വേഗം കാര്യമായി കൂടിയിട്ടുണ്ട്.
Discussion about this post