വിളപ്പില്‍: ജീവിതയാത്രയ്ക്കിടയില്‍ മനസിന്റെ താളം തെറ്റിയ സ്ത്രീകളും പുരുഷന്മാരുമടക്കം അന്‍പതോളം അന്തേവാസികളുടെ തണലിടമായ അഭയ ഗ്രാമത്തില്‍ കൈനിറയെ സമ്മാനങ്ങളുമായി കുട്ടിപ്പട്ടാളമെത്തി. മനോരോഗാശുപത്രിയില്‍ രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടു പോകാന്‍ ആരുമില്ലാതെ ഇവര്‍ കഴിഞ്ഞത് വര്‍ഷങ്ങളോളം. ഇവരുടെ സങ്കടങ്ങളറിഞ്ഞ് കവയത്രി സുഗതകുമാരിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേയാട് മഞ്ചാടിയിലെ അഭയ ഗ്രാമത്തിലേക്ക് ഈ നിരാലംബരെ കൂട്ടിക്കൊണ്ടു വന്നത്. ഇന്നലെ ഒരു പറ്റം കുട്ടിപട്ടാളം മാതൃവാത്സല്യത്തിന്റെ മധുരം നുകരാന്‍ അവര്‍ക്കരികിലെത്തി.
പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ എന്‍സിസി കേഡറ്റുകളാണ് കൈനിറയെ സമ്മാനങ്ങളും, മനസു നിറയെ സ്‌നേഹവുമായി അഭയയില്‍ എത്തിയത്. തങ്ങള്‍ക്കരികിലേക്ക് ഓടിയെത്തിയ കുഞ്ഞുങ്ങളെ തഴുകാനും തലോടാനും അഭയയിലെ അന്തേവാസികള്‍ മത്സരിച്ചു.
എന്‍സിസി കേഡറ്റുകള്‍ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് അഭയയില്‍ എത്തിയത്. നിത്യോപയോഗ സാധനങ്ങള്‍, പുതുവസ്ത്രങ്ങള്‍, മധുര പലഹാരങ്ങള്‍, തുടങ്ങി ഒരുപാട് സമ്മാനങ്ങളും അവര്‍ അമ്മമാര്‍ക്കായി കരുതിയിരുന്നു. സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, ഹെഡ്മിസ്ട്രസ് ശ്രീദേവി, എന്‍സിസി കെയര്‍ടേക്കര്‍ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകള്‍ അഭയ ഗ്രാമത്തില്‍ എത്തിയത്.
അന്തേവാസികള്‍ക്കൊപ്പം അഭയ മാനേജര്‍ സുബ്രഹ്മണ്യം, സോഷ്യല്‍ വര്‍ക്കര്‍മാരായ ഹൈമ, അനീറ്റ, പരിശീലക താര എന്നിവര്‍ ചേര്‍ന്ന് കുട്ടിപ്പട്ടാളത്തെ സ്വീകരിച്ചു. രാവിലെ മുതല്‍ ഉച്ചവരെ അന്തേവാസികളും കുട്ടികളും കുശലം പറഞ്ഞും പാട്ടുകള്‍ പാടിയും ചിലവഴിച്ചു. കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചശേഷമാണ് കുട്ടികള്‍ മടങ്ങിയത്. യാത്ര പറയുമ്പോള്‍ ഇനിയും വരാമെന്ന വാക്കും, സ്‌നേഹ ചുംബനങ്ങളും നല്‍കാനും കുട്ടിപട്ടാളം മറന്നില്ല.
Discussion about this post