തിരുവനന്തപുരം: അപകടം സംഭവിക്കുമ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിക്ഷേധിക്കപ്പെടരുതെന്ന മാനേജ്‌മെന്റിന്റെ ദീര്‍ഘവീക്ഷണമാണ് പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിനെ ‘കരുതല്‍’ എന്ന വലിയ പദ്ധതിയിലേക്ക് നയിച്ചത്.
സ്‌കൂളിലെ 1700 വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഉള്‍ക്കൊള്ളിച്ച് തികച്ചും സൗജന്യമായി ആവിഷ്‌ക്കരിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ‘കരുതല്‍.’ ഒരു പക്ഷെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ആദ്യമായൊരു സുരക്ഷാ പദ്ധതി. ഓരോ കുട്ടിക്കും എല്ലാ സ്വകാര്യ ആശുപത്രികളിലും 25000 രൂപയുടെ അപകട ക്യാഷ് ലെസ്സ് ചികിത്സ സഹായവും, ഗുരുതര അപകടഘട്ടത്തില്‍ രക്ഷിതാവിനും കുട്ടിക്കും ഒരു ലക്ഷം രൂപയുടെ ധനസഹായവും നല്‍കുന്ന രീതിയിലാണ് ആക്‌സിസ് ബാങ്കും ഐ സി ഐ സി ഐ ലംബാര്‍ഡും ചേര്‍ന്ന് കണ്ണശ സ്‌കൂള്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
പദ്ധതിയുടെ പ്രഖ്യാപനം ഇന്നലെ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ശാലിനി, പ്രിന്‍സിപ്പാള്‍ സി.ആര്‍ ശ്രീദേവി, ആക്‌സിസ് ബാങ്ക് തിരുമല ബ്രാഞ്ച് മാനേജര്‍ വിമല്‍ വിശ്വനാഥ്, ഐസിഐസിഐ ലംബാര്‍ഡ് പ്രതിനിധി വി.ലിന്‍സണ്‍, പി റ്റി എ പ്രസിഡന്റ് യു. രാജേഷ്, മദര്‍ പിറ്റിഎ പ്രസിഡന്റ് ജെ.സന്ധ്യ സംസാരിച്ചു.
Discussion about this post