തിരുവനന്തപുരം: ഒട്ടേറെ പേര്‍ പങ്കെടുക്കുന്ന കലോത്സവം പോലുള്ള മേളകളില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പ്രായോഗികമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും നൃത്തം ചെയ്യാന്‍ കഴിയുമോ ? വെജിറ്റേറിയന്‍ ഭക്ഷണം എല്ലാവരും കഴിക്കും. നോണ്‍വെജ് എല്ലാവരും കഴിക്കണമെന്നില്ല. നിര്‍ബ്ബന്ധമുള്ളവര്‍ പുറത്തുപോയി കഴിക്കട്ടെ-സ്പീക്കര്‍ പറഞ്ഞു.
അടുത്തവര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി. ”ഞാന്‍ നോണ്‍വെജിറ്റേറിയന്‍ കഴിക്കുന്ന ആളാണ്. ഇത്തരം കാര്യങ്ങളില്‍ പ്രായോഗികവശം കൂടി പരിഗണിക്കേണ്ടതുണ്ട്. മത്സരങ്ങള്‍ നടക്കുമ്പോള്‍ കുട്ടികളുടെ ശ്രദ്ധ കലാപ്രകടനങ്ങളിലായിരിക്കും. ഏതെങ്കിലും സമയത്താവും അവര്‍ വന്ന് ഭക്ഷണം കഴിക്കുക. അപ്പോള്‍ കൂടുതല്‍ അഭികാമ്യം വെജിറ്റേറിയനാണ് ”-സ്പീക്കര്‍ പറഞ്ഞു.
വലിയ ജനപങ്കാളിത്തമായിരുന്നു കലോത്സവത്തിന്. എന്തുകാര്യത്തിലും വിവാദമുണ്ടാക്കല്‍ കേരളത്തിന്റെ പൊതുരീതിയാണ്. ഇടതുപക്ഷ വക്താക്കളായി ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. ആരെങ്കിലും പറയുന്നത് സി.പി.എമ്മിന്റെ അഭിപ്രായമാവുമോ എന്നും സ്പീക്കര്‍ ചോദിച്ചു.
നിയമസഭയിലെചോദ്യങ്ങള്‍ക്കുള്ള മറുപടി വൈകുന്നുവെന്ന വിമര്‍ശനം പരിശോധിക്കും. ഇക്കാര്യം വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.













