ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് റിട്ട. ജനറല്‍ പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ഞായറാഴ്ച ദുബായിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിയിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ബ്രിട്ടിഷ് ഭരണകാലത്തു സിവില്‍ സര്‍വീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റ പുത്രനായി 1943 ഓഗസ്റ്റ് 11 ന് ഡല്‍ഹിയിലായിരുന്നു മുഷറഫിന്റെ ജനനം. വിഭജനത്തെ തുടര്‍ന്നു പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി.
കറാച്ചിയിലെ സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളജില്‍ ഉന്നത വിദ്യാഭ്യാസം നേടി. പട്ടാള അട്ടിമറിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ പാക്കിസ്ഥാനിലെ ഒടുവിലത്തെ പ്രസിഡന്റാണ് മുഷറഫ്. കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു.
1999 മുതല്‍ 2008 വരെയാണ് മുഷറഫ് പാക്കിസ്ഥാന്‍ ഭരിച്ചത്. കരസേന മേധാവിയായിരുന്ന മുഷറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008ല്‍ ഇംപീച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.
അധികാരത്തില്‍നിന്നും പുറത്തായതിനു ശേഷം അദ്ദേഹം രാജ്യംവിട്ടിരുന്നു. ഭരണഘടന റദ്ദാക്കിയ കുറ്റത്തിന് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മാര്‍ച്ചില്‍ മുഷറഫ് ചികിത്സയ്ക്കായി ദുബായിലേക്ക് പോയി. 2018-ല്‍ രോഗം സ്ഥിരീകരിച്ചു.
Discussion about this post