ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനരീതിയില്‍ മാറ്റം വരുത്തി സുപ്രീംകോടതി. രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പേര് ശുപാര്‍ശ ചെയ്യേണ്ടത് മൂന്നംഗ സമിതിയാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്ന സമിതിയാണ് പേര് ശുപാര്‍ശ ചെയ്യേണ്ടത്. പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുന്നതുവരെ ഈ രീതി തുടരണമെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരം എടുത്ത് മാറ്റുന്നതാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജസ്റ്റീസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷണറുമാരെ ഇംപീച്ച്മെന്റ് വഴി മാത്രമേ സ്ഥാനത്തുനിന്ന് മാറ്റാവൂ എന്നും കോടതി ഉത്തരവിട്ടു. നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുന്നതിന് മാത്രമാണ് ഇംപീച്ച്മെന്റ് നടപടിയുള്ളത്.













