തിരുവനന്തപുരം: പി.സി. തോമസ് വിഭാഗം കേരളകോണ്‍ഗ്രസ്സിലെ നിയുക്തമന്ത്രി വി. സുരേന്ദ്രന്‍പിള്ളയ്ക്ക് തുറമുഖം, പാര്‍ലമെന്‍ററികാര്യം എന്നീ വകുപ്പുകള്‍ നല്‍കാന്‍ സി.പി.എം. നേതൃത്വത്തില്‍ ധാരണ. ഈ കാര്യത്തില്‍ പി.സി. തോമസ് വിഭാഗം കേരള കോണ്‍ഗ്രസ് യോജിച്ചാല്‍ ഈ രണ്ടുവകുപ്പുകള്‍ തന്നെ സുരേന്ദ്രന്‍പിള്ളയ്ക്ക് ലഭിക്കും. മറിച്ച് അവര്‍ വിയോജിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റം ഉണ്ടാകുകയുള്ളൂവെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ പറഞ്ഞു. നേരത്തേ സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പുകള്‍ വി. സുരേന്ദ്രന്‍പിള്ളയ്ക്ക് നല്‍കാനും പൊരുമരാമത്ത് വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും എടുത്തുമാറ്റി മന്ത്രി എം. വിജയകുമാറിന് നല്‍കാനുമാണ് സി.പി.എം. സെക്രട്ടേറിയറ്റില്‍ ധാരണ രൂപപ്പെട്ടിരുന്നത്. ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും സി.പി.എം. സെക്രട്ടറി പിണറായി വിജയനെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ്- യുവജനക്ഷേമവകുപ്പ് വിട്ടുകൊടുക്കുന്നതിനെതിരെ സി.പി.എം. അനുകൂലികളായ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികളും മന്ത്രി എം. വിജയകുമാറും രംഗത്തുവന്നു. ദേശീയഗെയിംസിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ വകുപ്പ് കൈമാറുന്നതിലുള്ള ബുദ്ധിമുട്ട് മന്ത്രി എം. വിജയകുമാര്‍ നേരിട്ടുതന്നെ അച്യുതാനന്ദനെയും പിണറായിയെയും അറിയിച്ചു. ഇതേത്തുടര്‍ന്ന് മന്ത്രി വിജയകുമാറിന്റെ താത്പര്യം പരിഗണിക്കാതെ സ്‌പോര്‍ട്‌സ് വകുപ്പ് കൈമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പിണറായിയെ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയും പിണറായിയും തമ്മില്‍ നടത്തിയ ആശയവിനിമയത്തിലാണ് തുറമുഖ-പാര്‍ലമെന്‍ററി കാര്യവകുപ്പുകള്‍ സുരേന്ദ്രന്‍പിള്ളയ്ക്ക് കൈമാറാമെന്ന ധാരണയുണ്ടായിരിക്കുന്നത്. ഇതിനിടെ പൊതുമരാമത്ത്‌വകുപ്പ് എം. വിജയകുമാറിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രി തോമസ്‌ഐസക്കിന്റെ ഓഫീസില്‍ പൂര്‍ത്തിയായിട്ടുണ്ട്. വി. സുരേന്ദ്രന്‍പിള്ളയുടെ സത്യപ്രതിജ്ഞ ആഗസ്ത് മൂന്നിന് രാവിലെ 11ന് രാജ്ഭവനില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്
Discussion about this post