തിരുവനന്തപുരം: പൊങ്കാല അടുപ്പുകളില്‍ അഗ്നി പകര്‍ന്നതോട ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാല്‍ നിറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അന്യദേശങ്ങളില്‍ നിന്ന് വരെയെത്തിയ ഭക്തര്‍ നഗരത്തില്‍ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അര്‍പ്പിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.
ഇന്ന് രാത്രി എട്ട് മണിവരെ നഗരാതിര്‍ത്തിയില്‍ വലിയ വാഹനങ്ങള്‍ക്കോ, ചരക്ക് വാഹനങ്ങള്‍ക്കോ പ്രവേശനമുണ്ടാകില്ല. ആറ്റുകാല്‍ ക്ഷേത്രപരിസരത്തോ, ദേശീയപാതയിലോ, ഭക്തര്‍ പൊങ്കാലയിടുന്ന പ്രധാന നിരത്തുകളിലോ പാര്‍ക്കിംഗ് അനുവദിക്കില്ല. നടപ്പാതകളില്‍ പൊങ്കാലയ്ക്കിരിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. കുടിവെള്ള വിതരണത്തിനും അന്നദാനത്തിനുമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നിവേദ്യം പൂര്‍ത്തിയായതിന് പിന്നാലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഇന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
Discussion about this post