കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് (75) വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുന്‍ എംപി കൂടിയായ നടന്റെ അന്ത്യം.
അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ഇന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരുന്നത്. അതുമുതല്‍ നടന്റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാര്‍ഥിച്ചുവരികയായിരുന്നു.
ഇതരഭാഷകളിലുള്‍പ്പെടെ എഴുന്നൂറ്റന്‍പതിലേറെ സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1972ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യിലൂടെ അരങ്ങേറിയെങ്കിയ ഇന്നച്ചനെ കൈപിടിച്ച് ഉയര്‍ത്തിയത് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായ 1980-കളാണ്. രാമു കാര്യാട്ടിന്റെ ‘നെല്ല്’ അടക്കമുള്ള ചിത്രങ്ങളിലെ ചെറിയ റോളുകളില്‍ തുടങ്ങിയ ഇന്നച്ചന്‍ പിന്നീട് മലയാള ഹാസ്യശാഖയുടെ തമ്പുരാക്കന്മാരില്‍ ഒരാളായി.
സവിശേഷമായ ശരീര ഭാഷയും തൃശൂര്‍ ഭാഷയുടെ മേമ്പൊടിയുള്ള സംഭാഷണരീതിയും ഇന്നസെന്റിനെ മലയാള സിനിമാലോകത്ത് വേറിട്ട ശൈലിയുടെ ഉടമയാക്കി. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ഇന്നച്ചന്‍ ‘ഗജകേസരി യോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടര്‍ പശുപതി’, ‘ദേവാസുരം’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ഇന്നസെന്റ് ‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള 1989-ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിനും അര്‍ഹനായി. സുഹൃത്തും വെള്ളിത്തിരയിലെ സ്ഥിരം കൂട്ടാളിയുമായിരുന്ന നെടുമുടി വേണുവിനെ നായകനാക്കി ഡേവിഡ് കാച്ചപ്പിള്ളിയ്‌ക്കൊപ്പം ഒരുക്കിയ ‘വിട പറയും മുമ്പെ’ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് എന്ന നിലയില്‍ 1981-ലെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി. ഭരതന്‍ ഒരുക്കിയ ‘ഓര്‍മയ്ക്കായ്’ എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വര്‍ഷം ഈ നേട്ടം ആവര്‍ത്തിച്ചു.
ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച ശത്രു കംബൈന്‍സ് എന്ന നിര്‍മാണ കമ്പനി ഇളക്കങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. ഹാസ്യ വേഷങ്ങളില്‍ നിന്ന് സ്വഭാവ നടനായി പരിണമിച്ച ഇന്നസെന്റ്, ‘കാബൂളിവാല’, ‘ചിരട്ടക്കളിപ്പാട്ടങ്ങള്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലെ നോവിന്റെ കനലുകള്‍ നീറ്റി.
പുസ്തകരചനയിലും മലയാളത്തിന്റെ സ്വന്തം ഇന്നച്ചന്‍ കൈവച്ചു. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം), കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍. ചിരിക്കു പിന്നില്‍ എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു.
2014-ല്‍ ചാലക്കുടിയില്‍നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെ അട്ടിമറിച്ചാണ് ലോക്‌സഭയിലെത്തിയത്.
Discussion about this post