വാമനാവതാരക്കഥയിലേക്കു കടക്കുന്നതിനു മുമ്പ് വാമനമൂര്‍ത്തിയെ പോലെ കഥാപ്രാധാന്യമുള്ള മഹാബലിയെക്കുറിച്ചു നോക്കാം.
ബലി
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ പൗത്രനും, സപ്തര്‍ഷികളിലൊരാളായ മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതിക്ക് ദക്ഷപുത്രിയായ ദിതി എന്ന ഭാര്യയില്‍ ജനിച്ച പുത്രന്മാരാണ് ‘ദൈത്യന്മാര്‍’ അഥവ ‘അസുരന്മാര്‍’, ഇവരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, ശുരപത്മാവ്, താരകാസുരന്‍, സിംഹവക്ത്രന്‍, ഗോമുഖന്‍ എന്നിവര്‍ പ്രമുഖരാണ്. ഇവരുടെ സഹോദരിമാരില്‍ സിംഹികയും, അജാമുഖിയും പ്രസിദ്ധകളാണ്.
ഹിരണ്യകശിപുവിന് നാലു പുത്രന്മാര്‍. (പ്രഹ്ലാദന്‍, സംഹ്ലാദന്‍, ഹ്രാദന്‍, അനുഹ്രാദന്‍) ഇവരില്‍ മൂത്തവനായ പ്രഹ്ലാദന് ഒരു പുത്രന്‍. (വിരോചനന്‍). വിരോചനനും ഒരു പുത്രന്‍. (അസുരചക്രവര്‍ത്തിയായ ബലി) ബലിയില്‍ നിന്നു ബാണന്‍. ബാണനില്‍ നിന്നു നിവാതകവചന്മാര്‍. നിവാതകവചന്മാര്‍ എന്നത് നാലു കോടി അസുരന്മാരാണ്.
ചിരഞ്ജീവിയാണ് ബലി. ഇദ്ദേഹത്തിനു തന്റെ പരാക്രമം ഹേതുവായിട്ടാണ് ”മഹാബലി” എന്നു പേര്‍ സിദ്ധിച്ചത്. മഹാബലിക്കു വിന്ധ്യാവലി എന്ന ഭാര്യയില്‍ ബാണന്‍ എന്നൊരു പുത്രനും, കുംഭീനസി എന്നൊരു പുത്രിയും ജനിച്ചു. ധര്‍മ്മശാലിയായ അസുരചക്രവര്‍ത്തിയാണ് മഹാബലി. മൂന്നു ലോകങ്ങള്‍ക്കും നാഥനായ ബലിയുടെ ഭരണകാലത്ത് നാട്ടില്‍ സര്‍വ്വൈശ്വര്യവും, സമ്പത്സമൃദ്ധിയും, സമത്വസുന്ദരമായ വ്യവസ്ഥിതികളും നിലനിന്നു. ഇനി പ്രധാനകഥയിലേക്കു കടക്കാം.
പ്രജാപതികളില്‍ പ്രധാനിയും, ബ്രഹ്മാവിന്റെ ആറു മാനസപുത്രന്മാരില്‍ ഒരാളുമായ കശ്യപന് ദക്ഷപ്രജാപതിയുടെ പുത്രിയായ അദിതിയില്‍ ദേവന്മാരും, ദിതി എന്ന ഭാര്യയില്‍ അസുരന്മാരും ജനിച്ചു. അസുരന്മാരില്‍ ശ്രേഷ്ഠനായിരുന്നു ബലി.
ഒരിക്കല്‍ ക്ഷിപ്രകോപിയായ ദുര്‍വ്വാസാവുമുനി പരിമളം വഴിഞ്ഞൊഴുകുന്ന ഒരു കല്‍പക പൂമാല ദേവാധിപതിയായ ഇന്ദ്രനു സമ്മാനിക്കുകയുണ്ടായി. ഇന്ദ്രന്‍ ആ ദിവ്യമാല തന്റെ വാഹനമായ ഐരാവതം എന്ന ആനയുടെ കൊമ്പില്‍ ചൂടിച്ചു. മധു വഴിഞ്ഞൊഴുകുന്ന പൂവിനെ മോഹിച്ച് ആനക്കു ചുറ്റും പല രീതിയില്‍പ്പെട്ട ധാരാളം വണ്ടുകള്‍, വന്നണഞ്ഞു. വണ്ടുകളുടെ മൂളലും, ഞരങ്ങലും ഐരാവതത്തിന് അസ്വസ്ഥമായി തീര്‍ന്നു. പൊറുതിമുട്ടിയ ഐരാവതം ശക്തിയായി തലക്കുലുക്കി വണ്ടുകളെ തുരത്താന്‍ തുടങ്ങി. ചക്കിന് വച്ചത് കൊക്കിന് എന്നായി ഫലം. തല കുലുക്കത്തിന്റെ ശക്തിയില്‍ പൂമാല നിലത്തേക്കു തെറിച്ചു വീണു. ഈ രംഗം കാണാനിടയായ ദുര്‍വ്വാസാവ് ദേവേന്ദ്രന്‍ തന്നെ അറിഞ്ഞു കൊണ്ട് അപമാനിച്ചതായി തെറ്റിദ്ധരിച്ചു. ഈ തെറ്റിദ്ധാരണ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളവാക്കി. ദുര്‍വ്വാസാവ് ദേവസമൂഹത്തെ മുഴുവന്‍ ശപിച്ചു ജരാനരയുള്ളവരാക്കി. പാലാഴി കടഞ്ഞ് അമൃത് സേവിച്ചാല്‍ ജരാനരമാറി കിട്ടി പുത്തന്‍ ഉന്മേ.വും, സര്‍വ്വൈശ്വര്യവും കൈവരുമെന്ന് മഹാവിഷ്ണു ദേവന്മാരെ ഉപദേശിച്ചു. അതനുസരിച്ച് മന്ഥരപര്‍വ്വതത്തെ കടകോലും, വാസുകി എന്ന മഹാസര്‍പ്പത്തെ കയറുമായി ദേവന്മാര്‍ അസുരന്മാരുമായി സന്ധി ചെയ്ത് പാലാഴി കടഞ്ഞു. കാമധേനു, വാരുണീദേവി, പാരിജാതം, അപ്‌സര സ്ത്രീകള്‍, ചന്ദ്രന്‍, വിഷം എന്നിങ്ങനെ വിവിധ വസ്തുക്കള്‍ പാലാഴിയില്‍ നിന്നുയര്‍ന്നു. ഇവയില്‍ ചന്ദ്രനെ സംഹാരമംഗളമൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ സ്വീകരിച്ചു. വിഷം നാഗങ്ങള്‍ വലിച്ചെടുത്തു. അപ്പോഴേയ്ക്കും ശുഭ്രവസ്ത്രധാരിയായ ധന്വന്തരിഭഗവാന്‍ അമൃതകുംഭവുമായി ഉയര്‍ന്നു വന്നു. തൊട്ടു പുറകില്‍ ചെന്താമാരപ്പൂവില്‍ ഇരുന്ന് ഐശ്വര്യദേവിയായ മഹാലക്ഷ്മിയും ആവിര്‍ഭവിച്ചു. ഈ സംഭവങ്ങള്‍ക്കും, ബഹളങ്ങള്‍ക്കുമിടയില്‍ വക്രബുദ്ധികളായ അസുരന്മാര്‍ അമൃതകുംഭം തട്ടിയെടുത്ത് കടന്നു കളഞ്ഞു. ദേവഗണം വീണ്ടും ദുഃഖത്തിലാണ്ടു. സൂത്രശാലിയായ വിഷ്ണു മോഹിനി വേഷധാരിയായി അസുരസന്നിധിയിലെത്തി ഒരു ചെറിയ ബുദ്ധി പ്രയോഗത്തിലൂടെ അമൃതകുംഭം കൈക്കലാക്കി. അദ്ദേഹം അത് ദേവലോകത്തെത്തിച്ചു. ദേവലോകത്തിന്റെ ഗോപുരവാതുക്കല്‍ ശക്തമായ കാവലും ഏര്‍പ്പെടുത്തി. ദേവന്മാര്‍ ഒന്നടങ്കം അമൃത് പാനം ചെയ്ത് ബലശാലികളായി തീര്‍ന്നു. ഈ സംഭവം അസുരന്മാരെ കുപിതരാക്കി. പാലാഴി കടഞ്ഞു സമ്പാദിച്ച അമൃതിനു വേണ്ടി ദേവന്മാരും, അസുരന്മാരും തമ്മില്‍ ഉഗ്രയുദ്ധമാരംഭിച്ചു. ഈ യുദ്ധത്തില്‍ അസുരപക്ഷം നിന്ന് മഹാബലിയെ ദേവേന്ദ്രന്‍ തന്റെ മുഖ്യായുധമായ വജ്രായുധം കൊണ്ടു വെട്ടി വീഴ്ത്തി. ബലി മരണപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം അസുരന്മാര്‍ പാതാളത്തിലേക്കു കൊണ്ടു പോയി. അവിടെവച്ച് അസുരഗുരുവായ ശുക്രാചാര്യര്‍ മഹാബലിയെ ജീവിപ്പിച്ചു. തുടര്‍ന്നുള്ള കാലം ബലി ഭാര്‍ഗ്ഗവന്മാരെ സേവിച്ച് കൂടുതല്‍ ശക്തിമാനായി തീര്‍ന്നു. അദ്ദേഹം വീണ്ടും ദേവന്മാരുമായി യുദ്ധം ചെയ്തു എന്നു മാത്രമല്ല ദേവലോകം കീഴ്‌പ്പെടുത്തി കൈക്കലാക്കുകയും ചെയ്തു. ഭയചരവശരായ ദേവന്മാര്‍ ബലിയുടെ കണ്ണില്‍പോലും പെടാതെ നാലുപാടും ഓടി ഒളിച്ചു.
കശ്യപന് അദിതിയില്‍ ജനിച്ചവരാണ് ദേവന്മാര്‍. അതുകൊണ്ടു തന്നെ ദേവന്മാരുടെ പരാജയം അദിതിയെ വേദനിപ്പിച്ചു. മനംനൊന്ത ദേവി വിഷ്ണു പ്രീതിക്കായി ദ്വാദശിവ്രതം അനുഷ്ഠിക്കാന്‍ തുടങ്ങി. അധികം താമസിയാതെ വിഷ്ണു അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. വിഷ്ണുദേവന്‍ തന്റെ ഗര്‍ഭത്തില്‍ പ്രവേശിച്ച് ഭൂമിയില്‍ ജനിച്ച് അസുരചക്രവര്‍ത്തിയായ മഹാബലിയെ കീഴടക്കണമെന്നും, നഷ്ടപ്പെട്ട സ്വര്‍ഗ്ഗലോകം ദേവേന്ദ്രനു അവകാശപ്പെട്ടതാണെന്നും അതിനാല്‍ ദേവാധിപതിക്ക് സ്വര്‍ഗ്ഗം വീണ്ടെടുത്തു കൊടുക്കണമെന്നും ദേവമാതാപ് അപേക്ഷിച്ചു. അദിതിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു അവരുടെ ഗര്‍ഭത്തില്‍ കടന്ന് വാമനനായി ഭൂമിയില്‍ അവതരിച്ചു. മറ്റൊരു കഥ ഇപ്രകാരമാണ്. അദിതി ദേവന്മാരുടെ പരാജയത്തില്‍ വളരെ വിഷമിച്ചു. ചിന്താവിഷ്ടയായ ദേവിയെകണ്ട് കശ്യപന്‍ പത്‌നിയോട് ഇപ്രകാരം ചോദിച്ചു ” ദേവി എന്താണു പതിവിനു വിപരീതമായി മ്ലാനമുഖത്തോടുകൂടി കാണപ്പെടുന്നത്” ദേവന്മാര്‍ക്കു നഷ്ടപ്പെട്ടു പോയ വീര്യം തിരിച്ചെടുക്കാനുള്ള പോംവഴിയാണ് ഞാനാലോചിക്കുന്നത്.
അദിതി കശ്യപനു മറുപടി നല്‍കി. ദ്വാദശിവ്രതം അനുഷ്ഠിച്ചാല്‍ വിഷ്ണു പ്രസാദിയ്ക്കുമെന്നു കശ്യപന്‍ അറിയിച്ചു. അതനുസരിച്ച് ദേവി വ്രതം നോക്കുകയും കാര്യം ഫലത്തിലെത്തുകയും ചെയ്തു. മഹാവിഷ്ണു ഇന്ദ്രന്റെ അനുജനായി വാമനരൂപത്തില്‍ അദിതിക്കു പുത്രനായി ജനിച്ചു.
ഈ ഘട്ടത്തില്‍ ലോകമെല്ലാം ജയിച്ച മഹാബലി നര്‍മ്മദാ തീരത്തുവച്ച് ഒരു മഹായാഗം നടത്തുകയായിരുന്നു.യാഗത്തില്‍ സംബന്ധിക്കാനായി അനേകം മുനിമാര്‍അവിടെ വന്നുചേര്‍ന്നു. ഈ അവസരം വാമനനു തരപ്പെട്ടു. മുനിമാരോടൊപ്പം അദ്ദേഹവും അവിടെ എത്തി. ധര്‍മ്മശാലിയായ മഹാബലിയോട് തനിക്കു തപസ്സു ചെയ്യുന്നതിനായി വാമനന്‍ മൂന്നടി സ്ഥലം യാചിച്ചു. അസുരഗുരുവായ ശുക്രാചാര്യര്‍ ബലിയെ തടഞ്ഞെങ്കിലും അദ്ദേഹം ഗുരുവിനു വഴിപ്പെട്ടില്ല. ധര്‍മ്മം, ന്യായം, നീതി, ദയ, സ്‌നേഹം തുടങ്ങിയ കാര്യങ്ങളില്‍ മാത്രം താല്‍പരനായ ബലി വാമനമൂര്‍ത്തിയോട് ഇപ്പോള്‍തന്നെ മൂന്നടിസ്ഥലം അളന്നെടുത്തു കൊള്ളുക എന്നു അനുവാദം നല്‍കി. അപ്പോള്‍ തന്നെ വാമനന്‍ തന്റെ ശരീരം ആകാശത്തോളം ഉയര്‍ത്തി. സ്വര്‍ഗ്ഗം, ഭൂമി, പാതാളം തുടങ്ങി മൂന്നു ലോകങ്ങളും കൂടി അദ്ദേഹം വെറും രണ്ടടികൊണ്ട് അളന്നെടുത്തു. മൂന്നാമത്തെ അടിവയ്ക്കാന്‍ സ്ഥലം കാണാതെ വന്നപ്പോള്‍ വാക്കു പാലിക്കാന്‍ നിര്‍ബന്ധിതനായ ബലി തന്റെ ശിരസ്സില്‍ ചവിട്ടി അടുത്ത അടികൂടി അളന്നെടുത്തു കൊള്ളുവാന്‍ വാമനനു ഉറപ്പു നല്‍കി. ഉടനെ മഹാവിഷ്ണുവിന്റെ മഹത്വമാര്‍ന്ന് അവതാരമായ വാമനന്‍ അസുരചക്രവര്‍ത്തിയായ ബലിയെ തലയില്‍ ചവിട്ടി മൂന്നാമത്തെ അടി തികച്ചതോടൊപ്പം അദ്ദേഹത്തെ എന്നേക്കുമായി പാതാളലോകത്തേക്കു താഴ്ത്തുകയും ചെയ്തു. അന്നു മുതല്‍ അസുരന്മാര്‍ പാതാളലോകത്തേക്കു താഴ്ത്തുകയും ചെയ്തു. അന്നുമുതല്‍ അസുരന്മാര്‍ പാതാളവാസികളായി തീര്‍ന്നു. വാമനന്‍ മൂന്നടിസ്ഥലമളക്കാന്‍ പൊക്കിയ തന്റെ കാലിലെ നഖം കൊണ്ടു ബ്രഹ്മാവിന്റെ അണ്ഡം പിളരുകയും, അവിടെ നിന്നു പുണ്യവതിയായ ഗംഗ ഉത്ഭവിക്കുകയും ചെയ്തതായി ഭാഗവതം പഞ്ചമസ്‌കന്ധത്തില്‍ പ്രസ്താവനയുണ്ട്. മുനിശ്രേഷ്ഠനായ വിശ്വാമിത്രനോടൊത്ത് വനത്തിലേക്കു പോയ ശ്രീരാമലക്ഷ്മണകുമാരന്മാര്‍ മാര്‍ഗ്ഗെ മദ്ധ്യേ ഒരു സിദ്ധാശ്രമത്തില്‍ കടന്നു. ആ സിദ്ധാശ്രമത്തിലിരുന്നാണ് ദേവമാതാവായ അദിതി പണ്ട് ദ്വാദശിവ്രതം നോറ്റ് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചത്. വിഷ്ണു വാമനനായി അവതരിച്ചതും, ബലിയെ തലയില്‍ ചവിട്ടി പാതാളത്തിലേക്കു താഴ്ത്തിയതും ഈ സ്ഥലത്തു വച്ചായിരുന്നു.
തനിക്കുമുമ്പില്‍ വാമനനായി വന്നെത്തിയത് മഹാവിഷ്ണുവായിരുന്നല്ലോ എന്നോര്‍ത്തു മഹാബലി ദു:ഖിച്ചു. തനിക്കു പറ്റിയ അമളി അദ്ദേഹത്തെ തളര്‍ത്തി കളഞ്ഞു. ഭൂമിയില്‍ നിന്നു പാതളത്തിലേക്കു താഴുന്ന വൈകിയ വേളയില്‍ ബലി വിഷ്ണുവിനോട് ഒരു യാചന നടത്തി. ”തന്റെ പ്രജകളെ വന്നു കാണാന്‍ ആണ്ടിലൊരിക്കല്‍ ഒരവസരം തരണമെന്നായിരുന്നു യാചന”. ഭഗവാന്‍ ബലിയുടെ ആഗ്രഹം സാദ്ധ്യമാക്കി കൊടുത്തു. അങ്ങനെ അന്നുമുതല്‍ കൊല്ലത്തിലൊരിക്കല്‍ ബലി എല്ലാ പൊന്നിന്‍ ചിങ്ങമാസത്തിലെയും തിരുവോണം നക്ഷത്ര ദിവസം തന്റെ പ്രജകളെകാണാന്‍ ഭൂമിയിലെത്തുന്നു. വാമനന്റെ തിരുനാള്‍ കൂടിയാണ് തിരുവോണം. മഹാബലിയെ പാതാളത്തിലാഴ്ത്തി തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ മഹാവിഷ്ണു ദേവാധിപതിയായ ഇന്ദ്രനു നഷ്ടപ്പെട്ട സ്വര്‍ഗ്ഗം വീണ്ടെടുത്തുകൊടുത്തു. അവതാരമൂര്‍ത്തിയായ വാമനനെ ഇന്ദ്രന്‍ ലോകപാലകരോടൊന്നിച്ച് ദിവ്യവിമാനത്തില്‍ കയറ്റി ദേവലോകത്തേക്കു പറഞ്ഞയച്ചു. നഷ്ടപ്പെട്ടതെല്ലാം ദേവന്മാര്‍ക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ അദിതി സന്തുഷ്ടയായി.
കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. കാണം വിറ്റു ഓണമുണ്ണണം എന്നാണ് ചൊല്ല്. മഹാബലിയെ കൂടാതം ഓണത്തെക്കുറിച്ചു പല കഥകളും നിലവിലുണ്ട്. അവയില്‍ ചില കഥകള്‍ ഇപ്രകാരമാണ്.
കേരളം വാണിരുന്ന ചേരന്മാര്‍ പൊരുമാക്കളില്‍ ഒരാള്‍ മക്കത്ത് പോയി. അത് ഒരു ചിങ്ങമാസത്തിലെ തിരവോണദിവസമായിരുന്നു. അതോര്‍ക്കാന്‍ വേണ്ടിയാണ് ഓണം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. ഇതിനു വ്യക്തമായ തെളിവുകളൊന്നുമില്ല.
ഒരു കാലത്ത് ബുദ്ധമതം കേരളത്തില്‍ നല്ല നിലയില്‍ നിലനിന്നിരുന്നു. ഇവരില്‍ ഒരു രാജാവിനെ തോല്‍പ്പിച്ചശേഷം ആര്യന്മാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ഈ സംഭവവും നടന്നത്. ഇതിന്റെ ഓര്‍മ്മയ്ക്കായി ഓണം കൊണ്ടാടുന്നു എന്നാണു വിശ്വാസം.
കേരളത്തില്‍ ഒരു കാലത്ത് ബുദ്ധമതം നന്നായി പ്രചരിച്ചിരുന്നു. ഭഗവാന്‍ ബുദ്ധന്‍ ശ്രവണ പദവിയിലെത്തിയവര്‍ക്കു മഞ്ഞവസ്ത്രം നല്‍കിയിരുന്നു. ഓണക്കോടിയും മഞ്ഞമുണ്ടാണ്. മഞ്ഞ പൂക്കള്‍ക്കാണ് ഓണക്കാലത്ത് പൂക്കളില്‍ പ്രാധാന്യം. ഇതില്‍ നിന്നു ഉരുത്തിരിഞ്ഞ അഭിപ്രായം കേരളീയര്‍ ബുദ്ധമതത്തെയും, ബുദ്ധഭഗവാനെയും സ്മരിക്കുന്ന സുദിനമാണ് ഓണം എന്നാണ്.
കേരള ചരിത്രപണ്ഡിതനാണ് ശ്രീ. ലോഗന്‍. ഇദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം മലബാറില്‍ ഓണം ആണ്ടുപിറവിയേയും, ഓണത്തലേനാള്‍ ആണ്ടവസാനത്തേയും കുറിയ്ക്കുന്നു വെന്നാണ്. മലബാര്‍ മാനുവല്‍” എന്ന ലോഗന്റെ ഗ്രന്ഥം ഈ വസ്തുത വെളിവാക്കുന്നു.
തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ വാമനനാണ്. വാമനന്റെ തിരുനാളാണ് തിരുവോണം. കര്‍ക്കിടക മാസത്തിലെ തിരുവോണം നാള്‍ വരെയാണ് ഇവിടത്തെ ഉത്സവം. ചിങ്ങത്തിലെ തിരുവോണമാണ് ഇതില്‍ പ്രധാനം. അന്നു രാജാക്കന്മാരും, പ്രഭുക്കന്മാരും, നാടുവാഴികളും തൃക്കാക്കരയിലെത്തി വാമനനെ വണങ്ങുകയാണ് പതിവ്. എന്നാല്‍ തൃക്കാക്കരയെത്തി ദേവനെ വണങ്ങാന്‍ കഴിയാത്തവര്‍ തങ്ങളുടെ വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ഓണം കൊണ്ടാടാന്‍ തുടങ്ങി. ഓണത്തെ സംബന്ധിച്ച് ഈ ഐതിഹ്യത്തിനു കുറച്ചൊരു പ്രാധാന്യമുണ്ട്.
ഓണക്കാലത്തെ ഒരു പ്രധാന ചടങ്ങായ അത്തപ്പൂവിടലിനെക്കുറിച്ചു കൂടി പറയാം. അത്തത്തട്ടിനു അഥവ അത്തക്കളത്തിനു പത്ത് തട്ടുകള്‍ വേണം ചാണകം കൊണ്ടു കളമെഴുതിവേണം. അത്തത്തട്ട് നിര്‍മ്മിക്കേണ്ടത്. പത്ത് തട്ടും പത്തുനിറം പൂക്കള്‍ കൊണ്ട് അലങ്കരിക്കണം. കാരണം ഓരോ തട്ടും ഓരോ ദേവന്മാരെ പ്രതീനിധീകരിക്കുന്നു.
ഒന്നാം തട്ട് – ആദിദേവനായ മഹാഗണപതിക്ക്
രണ്ടാം തട്ട് – വിശ്വമയമായ ശിവശക്തിക്ക്
മുന്നാം തട്ട് – സംഹാരമൂര്‍ത്തിയായ ശ്രീപരമേശ്വരന്
നാലാം തട്ട് – സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്
അഞ്ചാം തട്ട് – സകലതിനും പൊരുളായ പഞ്ചപ്രാണന്
ആറാം തട്ട് – ”ദേവസേനാപതിയായ സുബ്രഹ്മണ്യന്
ഏഴാം തട്ട് – ദിക്കുകളുടെ കാവല്‍
എട്ടാം തട്ട് – ദിക്കുകളുടെ കാവല്‍ക്കാരായ അഷ്ടദിക പാലകര്‍ക്ക്
ഒമ്പതാം തട്ട് – സ്വര്‍ഗ്ഗനാഥനായ ദേവേന്ദ്രന്
പത്താം തട്ട് – സര്‍വ്വസംരക്ഷകനായ മഹാവിഷ്ണുവിന്
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഒരു കൃതിയാണ് മഹാബലി ചരിതം. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ കൃതി എഴുതപ്പെട്ടതായി അനുമാനിക്കുന്നു. പക്ഷേ ആരാണെഴുതിയതെന്നറിയില്ല. തൃക്കാക്കരയില്‍ നിന്നു വന്ന ഒരു കിളി കവിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് ഇതിന്റെ രചന.
ഇന്നു രാജവാഴ്ചയില്ല. കാരണം ജനകീയഭരണം വന്നു. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ദേശീയതയും, ജനകീയതയും ഓണത്തിനു കൈവന്നു. നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രമല്ല മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണം മോടിയായി ആഘോഷിയ്ക്കപ്പെടുന്നു. ഒരു നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷ ഒരു നല്ല ഇന്നലെയുടെ സ്മരണയില്‍ സാക്ഷാത്കരിയ്ക്കട്ടെ.
ചുരുക്കത്തില്‍ വാമനാവതാരകഥയില്‍ ഓണവുമായി ബന്ധപ്പെട്ട വിവിധ കഥകള്‍ക്കു ഇത്ര പ്രാധാന്യം നല്‍കിയത് ഓണം ഹിന്ദു മതത്തില്‍പ്പെട്ടവരുടെ മാത്രം ആഘോഷമല്ലെന്നും, മലയാളികളുടെയെല്ലാം തന്നെ മഹോത്സവമാണെന്നും വ്യക്തമാക്കാന്‍ വേണ്ടിയാണ്.
Discussion about this post