ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ നടന്നു. 39 ഓളം ഇംഗ്ലീഷ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിന് വേദിയായ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചാള്‍സിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടന്നു.
കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നീണ്ട 70 വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന കിരീടധാരണമായതിനാല്‍ ഗംഭീര ആഘോഷമാണ് ബ്രിട്ടണിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് മൂത്തമകനായ ചാള്‍സ് രാജസിംഹാസനത്തിന്റെ ഉടമയായത്.
രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാള്‍സ് സ്വാഭാവികമായി രാജാവായി നിശ്ചയിച്ചിരുന്നു. സെപ്തംബര്‍ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരമേറ്റു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയില്‍ നടത്താന്‍ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6ന് പിതാവ് ജോര്‍ജ് ആറാമന്‍ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂണ്‍ 2നായിരുന്നു.
Discussion about this post