തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്ന പേട്ട മൂലയില്‍ ബംഗ്ലാവില്‍ ഡോ.എന്‍.ഗോപാലപ്പണിക്കര്‍(94) അന്തരിച്ചു. തിരുവനന്തപുരം സംസ്‌കൃതകോളെജ് പ്രിന്‍സിപ്പലായും കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഡീനായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തെ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മികച്ച സംസ്‌കൃത അദ്ധ്യാപകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
കേരളത്തിലെ സര്‍വകലാശാല തലത്തില്‍ ജ്യോതിഷം ഒരു വിഷയമായി പിജി തലത്തില്‍ പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് മുഖ്യപങ്കുവഹിച്ചിരുന്ന അദ്ദേഹം അഹോരാത്ര ദശാദ്ധ്യായി, യോഗാവാസിഷ്ഠത്തിന് നൂതനഭാഷ്യം അടക്കം വലുതും ചെറുതുമായ അന്‍പതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്ര വിദ്യാപീഠം സ്ഥാപകനും ദീര്‍ഘകാലം അതിന്റെ പ്രസിഡന്റുമായിരുന്ന അദ്ദേഹം ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിച്ച വ്യക്തിത്വത്തിനുടമയായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രികാ ദേവി. മക്കള്‍: ഉഷ സനല്‍, സുധീര്‍.ജി.സി, പ്രദീപ്.ജി.സി. മരുമക്കള്‍: പരേതനായ റിട്ട.എസ്.പി.സനല്‍ കുമാര്‍, ലതാകുമാരി, സംസ്‌കാരം ഉച്ചയ്ക്ക് 12.30 ന് മുട്ടത്തറ മോക്ഷകവാടത്തില്‍ നടക്കും. സഞ്ചയനം തിങ്കളാഴ്ച 7 മണിക്ക്.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ മുന്‍ ജില്ലാസെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഷവിഷയങ്ങളില്‍ അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന ഡോ.എന്‍.ഗോപാലപ്പണിക്കരുടെ വേര്‍പാട് ഒരു തീരാനഷ്ടമാണെന്ന് ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Discussion about this post