ഇടുക്കി: അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പന്‍ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അതിനിടെ ബൈക്കില്‍ ഇരിക്കുകയായിരുന്ന പാല്‍രാജിന് പരിക്കേറ്റു. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ പാല്‍രാജിനെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവെയാണ് അന്ത്യം.
പാല്‍രാജിന്റെ എല്ലുകള്‍ ഒടിഞ്ഞുപോയിരുന്നുവെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.













