തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മദ്ധ്യവേനലവധി ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കാനാണ് അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ഒന്നിന് തന്നെയായിരിക്കും.
അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ചേരും. അദ്ധ്യാപകരുടെ കുറവുള്ളിടത്ത് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്‌ളാന്‍ ഫണ്ടും ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവില്‍ 1300ഓളം സ്‌കൂളുകള്‍ക്ക് ഭൗതിക വികസനം ഒരുക്കാന്‍ സാധിച്ചു.
എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസിസുവരെയുള്ള 45,000 ക്‌ളാസ് മുറികള്‍ സാങ്കേതികവിദ്യാ സൗഹൃദമാക്കി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ലഭ്യമാക്കി. ആധുനിക സാങ്കേതികവിദ്യ ക്‌ളാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കി.
അക്കാഡമിക് രംഗത്ത് മികവിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാഡമിക് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കിയെന്നും മന്ത്രി വ്യക്തമാക്കി.













