നിലമ്പൂര്‍: രണ്ടു മാന്‍കൊമ്പുകളുമായി രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കാറില്‍ വില്‍പ്പനയ്ക്കായി കടത്തിയപ്പോഴാണ് നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി(34), മലയില്‍ ഉമ്മര്‍ (44) എന്നിവര്‍ അറസ്റ്റിലായത്. ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ പിടിയിലായത്. ജില്ലയിലെ മലയോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാന്‍കൊമ്പ് എന്നിവ ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു.കെ.എബ്രഹാം, വണ്ടൂര്‍ എസ്.ഐ പി. ശൈലേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തെ കുറിച്ചും ചില ഏജന്റുമാരെ കുറിച്ചും സൂചന ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും 20 ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും വിവരം ലഭിച്ചു.
വണ്ടൂര്‍ പൊലീസും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് വണ്ടൂര്‍ മഞ്ചേരി റോഡിന് സമീപം കാറിനുള്ളില്‍ ഒളിപ്പിച്ച മാന്‍ കൊമ്പുകളുമായി പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരുമായി ബന്ധമുള്ള ഏജന്റുമാര്‍, ഇടപാടുകാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post