ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്ത് ഡ്രോണ്‍ പറക്കുന്നതായി ഡല്‍ഹി പൊലീസിന് ഇന്ന് രാവിലെ സന്ദേശം ലഭിച്ചു. തിരച്ചില്‍ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന എലൈറ്റ് ഫോഴ്സായ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡ്രോണ്‍ കണ്ടതായി പോലീസിനെ അറിയിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ഡ്രോണ്‍ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. അതീവ സുരക്ഷാമേഖലയില്‍ ഇത്തരത്തില്‍ ഒരു നീക്കത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചിരിക്കയാണ്.













