തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശന സമയത്തില്‍ മാറ്റം. ഇന്നും നാളെയുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. ക്ഷേത്രത്തിലെ ശൂലപ്രതിഷ്ഠയോടനുബന്ധിച്ചാണ് ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്. വിശ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുള്ള ശൂല പ്രതിഷ്ഠ നാളെ രാവിലെ 10.40ന് നടത്തും. തുടര്‍ന്ന് കടുശര്‍ക്കര യോഗത്തില്‍ വിശ്വക് സേന ബിംബത്തിന്റെ നിര്‍മ്മാണം ആരംഭിക്കും.
ക്ഷേത്രത്തില്‍ പൂജാദികാര്യങ്ങള്‍ക്കായി ചെലവാകുന്ന കണക്ക് വിശ്വക് സേന വിഗ്രഹത്തിന് മുന്‍പിലാണ് ആദ്യം സമര്‍പ്പിക്കുന്നത്. പത്മനാഭ സ്വാമിയുടെ സ്വത്തിന്റെ കാവല്‍ക്കാരനാണ് വിശ്വക് സേനന്‍ എന്നാണ് പ്രമാണം. കടുശര്‍ക്കര യോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍ കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഗ്രഹ പുനഃനിര്‍മ്മാണം ആരംഭിച്ചത്. ബിംബ ദേഹം, അസ്ഥികള്‍, നാഡികള്‍ തുടങ്ങിയവ സപ്ത ധാതുക്കളലാണ് നിര്‍മ്മിക്കുന്നത്. അസ്ഥികള്‍ ചേര്‍ന്ന ശൂലഘടന കരിങ്ങാലി മരം കൊണ്ട് നിര്‍മ്മിക്കും. കയര്‍ കൊണ്ട് നാഡികളും ലോഹം കൊണ്ട് കൈപ്പത്തി, വിരലുകള്‍ എന്നിവയും നിര്‍മ്മിക്കും. ഇവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ചടങ്ങാണ് ശൂലപ്രതിഷ്ഠ. ശില്‍പിമാര്‍ ശൂലം തന്ത്രിയ്ക്ക് കൈമാറുന്ന ചടങ്ങായ ബിംബ പരിഗ്രഹം ഇന്ന് വൈകുന്നേരം 4.30ന് നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Discussion about this post