തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ‘ക്വിയർ ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്’ (Queer Friendly Hospital Initiative) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രാൻസ്ജെൻഡർ വ്യക്തികളുടേയും ക്വിയർ വ്യക്തികളുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. യാതൊരു തരത്തിലുളള വിവേചനവും ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ജനറൽ ആശുപത്രികളെ ക്വിയർ ഫ്രണ്ട്ലി ആക്കി മാറ്റാനായി ജീവനക്കാർക്ക് പരിശീലനവും സംഘടിപ്പിച്ചു. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ക്വിയർ ഫ്രണ്ട്ലി ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ലിങ്ക് വർക്കർ (CLW) പദ്ധതി ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ നിരവധി തടസങ്ങൾ നേരിടുന്ന ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുളള കണ്ണിയായി പ്രവർത്തിക്കുകയെന്നതാണ് കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാരുടെ പ്രധാന ചുമതല. ഇത്തരത്തിൽ കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാർ ആശുപത്രികളിലെത്തിക്കുന്ന ഈ വിഭാഗത്തിലെ ആളുകൾക്ക് സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുന്നതാണ്.
ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് ചരിത്രത്തിൽ ആദ്യമായി നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിച്ചിരുന്നു. ബി.എസ്.സി. നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.
Discussion about this post