തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഉജ്ജ്വലമായ വിജയം നേടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു ജനങ്ങളുടെ മുമ്പില്‍ ബിജെപി മുന്നോട്ടുവച്ച പ്രഖ്യാപനം. അത് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെയാണ് ജനങ്ങള്‍ തൃശൂരില്‍ സുരേഷ്ഗോപിയെ വിജയിപ്പിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വികസനത്തിനായി ജനങ്ങള്‍ വോട്ട് നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ നേര്‍ക്കാഴ്ച്ചയാണ് തൃശൂരില്‍ നാം കണ്ടത്. ഉജ്ജ്വലമായ വിജയമാണ് ബിജെപി തൃശൂരില്‍ സ്വന്തമാക്കിയിരിക്കുന്നത്. ബാക്കി 19 മണ്ഡലങ്ങളിലും മികച്ച മുന്നേറ്റം നടത്താനും സാധിച്ചു. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചുവെന്നാണ് കഴിഞ്ഞ തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ എല്ലാ കള്ള പ്രചാരണങ്ങളെയും അതിജീവിച്ചു കൊണ്ട് വന്‍ മുന്നേറ്റമാണ് കേരളത്തില്‍ ബിജെപിക്ക് നടത്താനായത്.കെ. സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് എവിടെ ജയിച്ചാലും കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ സാധിക്കില്ല, കേരളം ബിജെപിക്ക് ബാലി കേറാ മലയാണ് തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് തൃശൂരിലെ വിജയം. തൃശൂരിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലപ്പുഴ എന്നിവിടങ്ങളിലും ബിജെപിക്ക് മികച്ച മുന്നേറ്റമാണ് നടത്താന്‍ സാധിച്ചതെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
എതിര്‍ സ്ഥാനാര്‍ത്ഥികളെ നിലംപരിശാക്കിയാണ് വടക്കുംനാഥന്റെ മണ്ണില്‍ സുരേഷ് ഗോപി താമര വിരിയിച്ചത്. 4,09,302 വോട്ടുകള്‍ സുരേഷ് ഗോപിക്ക് നേടാന്‍ സാധിച്ചു. 74,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി, തൃശൂരില്‍ വെന്നിക്കൊടി നാട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനില്‍ കുമാര്‍ 3,34,160 വോട്ടുകള്‍ നേടി അങ്കത്തട്ടില്‍ കീഴടങ്ങേണ്ടി വന്നു. ഒരിക്കല്‍ പോലും ലീഡ് നില ഉയര്‍ത്താന്‍ സാധിക്കാതെ ലീഡര്‍ കരുണാകരന്റെ മകന്‍ കെ. മുരളീധരനും പരാജയപ്പെട്ടു.
Discussion about this post