തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്.
പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യം നിരവധി തവണ മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സീറ്റ് ബെല്‍റ്റ് ഇല്ലാത്തതും ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്തതുമാണ് ഓട്ടോറിക്ഷകളെന്നും അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ക്കിടയില്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉള്ള വിയോജിപ്പുകള്‍ക്കിടെയാണ് ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പലരും തീരുമാനത്തോട് വിയോജിച്ചിരുന്നു. എന്നാല്‍ അവയെല്ലാം അവഗണിച്ച് ഓട്ടോറിക്ഷകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അഥോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. അതേസമയം ഇളവ് അനുവദിക്കുന്‌പോള്‍ യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധന കൂടിയുണ്ട്.
റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. ‘ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്’ എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും.













