ധര്‍മ്മവിഗ്രഹനാണ് ശ്രീരാമന്‍. കല്ലില്‍ നിര്‍മ്മിച്ച വിഗ്രഹം മൊത്തം കല്ലുമാത്രമായിരിക്കുന്നതുപോലെ ശ്രീരാമനും ധര്‍മ്മം മാത്രം ചെയ്യുന്നു. ദണ്ഡകാരണ്യവാസികളായ ഋഷിമാര്‍ ഒരു നാള്‍ ഒരു കാഴ്ച കണ്ടു. പഞ്ചവടീസമീപത്തുകൂടി യാത്ര ചെയ്യുമ്പോള്‍ അവര്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ രൂപം മിഴികളാല്‍ പാനം ചെയ്യാറുണ്ട്.
എന്നാല്‍ ഒരു നാളവര്‍ ശ്രീരാമന്റെ മുഖകമലം മാത്രം കണ്ടു. ബാക്കി തിരുമേനി മുഴുവന്‍ പൂമാലയാലലങ്കൃതം. ശ്രീരാമന്‍ ഒരു മരത്തില്‍ ബന്ധനസ്ഥനായിരിക്കുന്നു. ദേവീസീതയാണ് കാട്ടുമുല്ലപ്പൂക്കളാല്‍ നീണ്ടമാല ഉണ്ടാക്കി, ആ മാലകൊണ്ട് ശ്രീരാമനെച്ചുറ്റി മരത്തില്‍ ബന്ധിച്ചിരിക്കുന്നത്!
ചതുരംഗസേനയെ ഏകനായി നിന്ന് തോല്‍പിക്കുന്ന രാഘവന്‍ ദേവിയുമായുള്ള ചതുരംഗക്രീഡയില്‍ തോറ്റു. ദേവീ മുകുന്ദനെ കെട്ടിയിട്ടു. സായാഹ്നമായിട്ടും ദേവി കനിഞ്ഞില്ല. രാമന്‍ സൗമിത്രിയെ വിളിച്ചു.
‘വത്സ സൗമിത്രേ, എന്നെ ഒന്നഴിച്ചുവിടൂ. സായംകാലമായല്ലോ. സ്‌നാനത്തിനുപോവേണ്ടേ?….’
ലക്ഷ്മണന്‍ ഓര്‍ത്തു സ്‌നേഹത്തിന്റെ ബലം. ഈ പൂമാല പൊട്ടിക്കാന്‍ വസിഷ്ഠശിഷ്യനായ എന്റെ ചേട്ടനു പറ്റുന്നില്ലല്ലോ. പിന്നെ ചിരിയടക്കി ലക്ഷ്മണന്‍ പറഞ്ഞു.
‘ഏട്ടാ, കാലപാശം കൗസല്യാസുതനായ അങ്ങയുടെ കണ്ഠത്തില്‍ വീണാല്‍ കൂടി ഞാന്‍ തട്ടിമാറ്റും. പക്ഷേ ഇതു പ്രേമപാശം. വകുപ്പ് വേറെയാണ്. ഏടത്തിയമ്മ കനിയണം.’
ശ്രീരാമന്‍ ദീനഭാവത്തില്‍ സീതയെ നോക്കി. ദേവി കുസൃതി വെടിഞ്ഞ് ഉത്തരകോസലാധിപന്റെ ബന്ധനച്ചുരുളുകള്‍ ഓരോന്നായി അഴുച്ചുമാറ്റി! കണ്ടുനിന്ന ഋഷിമാര്‍ കൈ കൂപ്പി!
ഖരദൂഷണത്രിശിരാക്കളും, വന്‍ രാക്ഷസപ്പടയും ശ്രീരാമായുധമേറ്റ് മരിച്ചു. ലക്ഷ്മണന്‍ വാര്‍ത്ത ഋഷിമാരെ അറിയിച്ചു. അവര്‍ രാക്ഷസമായ തട്ടാതിരിക്കാന്‍ ഒരു മോതിരം, കവചം, മുടിപ്പൂവ് ഇവ നിര്‍മ്മിച്ച് ലക്ഷ്മണകരത്തില്‍ നല്‍കി. പിന്നെ ലക്ഷ്മണനോടൊപ്പം പുറപ്പെട്ടു. മൂന്നേമുക്കാല്‍ നാഴിക യുദ്ധം ചെയ്ത് ശരീരം മുഴുവന്‍ മുറിഞ്ഞു വശം കെട്ടിരിക്കുന്നു. വൈദേഹി കണ്ണീരോടെ തിരുമേനി ആകെ ഒന്നു തലോടി.
ശസ്ത്രൗഘനികൃത്തമാം ഭര്‍തൃവിഗ്രഹം കണ്ടു
മുക്തബാഷ്പാദം വിദേഹാത്മജ മന്ദമന്ദം
തൃക്കൈകള്‍കൊണ്ടു തലോടി പൊറുപ്പിച്ചീടിനാള്‍
ഒക്കവേ പൂര്‍ണ്ണമതിന്‍ വട്ടവും മാച്ചീടിനാള്‍
മഹര്‍ഷിമാര്‍ ആ രംഗവും കണ്ടു ഈ ദേവി എത്ര ഭാഗ്യവതി! ഒരിക്കല്‍ ഏകാന്തസ്ഥലത്തുവച്ച് മാമുനിമാര്‍ ശ്രീരാമനോടു ചോദിച്ചു. ‘ഞങ്ങള്‍ക്കും ഈ ഭാഗ്യം നല്‍കുമോ അങ്ങയെ ശുശ്രൂഷിക്കാന്‍ അവസരം?’
രാമചന്ദ്രപ്രഭു ചോദിച്ചു. ‘സൗമിത്രിയേപ്പോലെയാണോ ഉദ്ദേശിക്കുന്നത്? എങ്കില്‍ ഇപ്പോള്‍ത്തന്നെ അവസരം നല്‍കാം.”
ഋഷിമാര്‍ പറഞ്ഞു. ‘അല്ല, സൗമിത്രി ഭാഗ്യവാന്‍. ഞങ്ങള്‍ക്ക് അത്രയും പോരാ. ദേവിയെപ്പോലെ അങ്ങയെ ആര്യപുത്രാ……എന്നു പ്രേമമായി വിളിക്കണം. കൊഞ്ചലും, പുഞ്ചിരീം, സഞ്ചാരവും എല്ലാം കൊണ്ട് അങ്ങയെ വശീകരിക്കണം’
ധര്‍മ്മവിഗ്രഹന്‍ കടുകിടെ വിട്ടുവീഴ്ച്ചക്കൊരുങ്ങിയില്ല. ശ്രീരാമന്‍ പറഞ്ഞു. ‘ഞാന്‍ ധര്‍മ്മത്തെ ആചരിക്കുന്നവനും, അനുശാസിക്കുന്നവനും മാത്രമല്ല; ഞാന്‍ ധര്‍മ്മമാണ്.
നിങ്ങള്‍ ബ്രഹ്മമെന്ന് എന്നെ അറിയുന്നവര്‍. നിങ്ങള്‍ക്ക് ആര്യപുത്രാ എന്നു വിളിക്കാനര്‍ഹതയില്ല. നിങ്ങളുടെ ധര്‍മ്മം യാഗം, പൂജ, തപസ്സ്, സ്വാദ്ധ്യായം. ഉപനിഷത് മന്ത്രമേ നിങ്ങളുടെ നാവില്‍ നിന്നും വരാവൂ. ജാഗ്രത സദാവേണം. നിങ്ങള്‍ ആചാര്യന്മാരാണ്.
ഇനി സീതയെപ്പോലെ എന്നെ ശുശ്രൂഷിക്കണമെങ്കില്‍ നിങ്ങള്‍ അടുത്ത ജന്മം ഭാരതഭൂമിയില്‍ സ്ത്രീകളായി ഗോപവംശത്തില്‍ ജനിക്കുക. പശുവിനെത്തീറ്റി, കുടുംബം പുലര്‍ത്തി, വലിയവരെ ശുശ്രൂഷിച്ച്, കുഞ്ഞുങ്ങളെ താരാട്ടി, ഭര്‍തൃഹിതവും അനുഷ്ഠിച്ച് ജീവിക്കുക.
ഞാന്‍ ശ്യാമസുന്ദരനായി അവതരിക്കും. സ്ത്രീധര്‍മ്മം നിങ്ങള്‍ ശരിക്കനുഷ്ഠിച്ചാല്‍ എന്നെ ശുശ്രൂഷിക്കാന്‍ അവസരം ലഭിക്കും. പഠിക്കുന്നവന് വിദ്യാലയം ഉപേക്ഷിക്കാം. ഇതുപോലെ നിങ്ങള്‍ക്കും ഗൃഹത്തിലെ സര്‍വ്വകര്‍മ്മ-ധര്‍മ്മങ്ങളും ഉപേക്ഷിക്കാം. പിന്നെ എന്നോടൊത്ത് മഹാ-രാസലീലയാടാനും അവസരമുണ്ടാകും.
നോക്കുക; രാമന്‍ തപസ്സുപേക്ഷിക്കുന്ന ഋഷിമാരേയും ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ പോകാനായി ശിക്ഷിക്കുന്നു.
സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കണമെന്ന് സദാ ജാഗ്രത പുലര്‍ത്തുന്ന ഋഷിമാര്‍ക്ക് സ്ത്രീധര്‍മ്മം! സ്ത്രീകള്‍ സ്വയം പഴിക്കാതെ ധര്‍മ്മം ശരിക്കനുഷ്ഠിച്ചാല്‍ അവര്‍ക്ക് ഋഷികളെ ശാസിക്കാനും ത്രിമൂര്‍ത്തികളെ തൊട്ടിലാട്ടാനും വരെ കഴിയുമത്രെ. ധര്‍മ്മമനുഷ്ഠിക്കുന്നത് മോക്ഷം-അഥവാ ഈശ്വരപ്രീതിക്കാണ്. ധര്‍മ്മമനുഷ്ഠാനത്തിന് സ്വഭാവഗുണം കൊണ്ടുമാത്രമേ സാധിക്കു. സ്വധര്‍മ്മം ശരിക്കനുഷ്ഠിക്കാന്‍ അന്ത്യരാമി-പാര്‍ത്ഥസാരഥി-കരുത്തുനല്‍കും. ധര്‍മ്മവിഗ്രഹന്റെ വഴി രാമായണം-രാമനാമം……ശ്രദ്ധിച്ച് രുചിയറിഞ്ഞ് പാനം ചെയ്യുക!
Discussion about this post