ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറചടങ്ങ് നാളെ രാവിലെ 6.42 മുതല്‍ 8.44 വരെയുള്ള മുഹൂര്‍ത്തത്തിലും തൃപ്പുത്തരി 15ന് രാവിലെ 7.28 മുതല്‍ 8.28 വരെയുള്ള മുഹൂര്‍ത്തത്തിലും ആഘോഷിക്കും. നിറദിവസം കിഴക്കേഗോപുരത്തിനു മുന്നില്‍ അവകാശികള്‍ പുതുതായി കൊയ്‌തെടുത്ത കതിര്‍ക്കറ്റകള്‍ തലച്ചുമടായി എത്തിക്കും. തീര്‍ഥം തളിച്ച് ശുദ്ധിവരുത്തിയ കതിര്‍ക്കറ്റകള്‍ കുത്തുവിളക്കിന്റെയും ശംഖധ്വനിയുടെയും അകമ്പടിയോടെ കീഴ്‌ശാന്തിക്കാര്‍ ക്ഷേത്രം നാലമ്പത്തിലേക്ക് എഴുന്നള്ളിക്കും. നമസ്‌കാരമണ്ഡപത്തില്‍ വച്ച് ലക്ഷ്‌മീപൂജ ചെയ്‌ത് ക്ഷേത്രകോവിലില്‍ സ്ഥാപിക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാകും. തുടര്‍ന്ന് കതിര്‍ക്കറ്റകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. തൃപ്പുത്തരി ദിവസം പുതിയ നെല്ലിന്റെ അരികൊണ്‌ടുണ്‌ടാക്കിയ പുത്തരിപായസം ഗുരുവായൂരപ്പന് നേദിക്കും. പുത്തരിപ്പായസത്തിനൊപ്പം ഉപ്പുമാങ്ങയും പത്തിലക്കറികളും ഈദിവസത്തെ നിവേദ്യത്തിന്റെ പ്രത്യേകതയാണ്.
Discussion about this post