തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍ സമാധിയായി. 66 വയസായിരുന്നു. ആര്‍സിസിയില്‍ ചികിത്സയിലിരിക്കേയാണ് വിയോഗം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഠത്തില്‍ എത്തിച്ചശേഷം സമാധിക്രിയകള്‍ ആരംഭിക്കും.
ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളില്‍ ഒരാളായിരുന്നു പുഷ്പാഞ്ജലി സ്വാമിയാര്‍ എന്നറിയപ്പെടുന്ന പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍. മുഞ്ചിറമഠം പരമ്പരയിലെ 47-മത് സ്വാമിയാണ്.
മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ക്കും നടുവില്‍മഠം മൂപ്പില്‍ സ്വാമിയാര്‍ക്കുമാണ് പൂജാകാര്യങ്ങള്‍ നടത്താനുള്ള അവകാശം. ഊഴം അനുസരിച്ച് ഇരുവരും പുഷ്പാഞ്ജലി സ്വാമിയാരായി ക്ഷേത്രാരാധന നടത്തുകയായിരുന്നു. ക്ഷേത്രചരിത്രത്തില്‍ മുഖ്യസ്ഥാനമുള്ള എട്ടരയോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചിരുന്നതും ഉത്സവത്തിന് അനുജ്ഞ കൊടുക്കുന്നതും ചെയ്തിരുന്നത് പുഷ്പാഞ്ജലി സ്വാമിയാരാണ്.













