ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് രാജ്യം ആദരവോടെ വിടനല്‍കി. നിഗംബോധ് ഘട്ട് ക്രിമറ്റോറിയത്തില്‍ പൂര്‍ണ ദേശീയ ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ശക്തമായ ഇടപെടലുകളിലൂടെ ഇന്ത്യയെ ആധുനികതയിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണതന്ത്രജ്ഞന്‍ ഇനി ചരിത്രത്തിന്റെ തിളക്കമുള്ള ഭാഗം.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
മോത്തി ലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍നിന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് എത്തിച്ചശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്.
ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.
എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡി.കെ. ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപങ്ങള്‍ക്കും ഇന്ന് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുവരെ ഏഴു ദിവസത്തേക്ക് രാജ്യത്തു ദുഃഖാചരണവും നടത്തും. ഈ ദിവസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും.
Discussion about this post