ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
ഗുരുനാഥനെപോലെയുള്ള മഹാമനീഷികളുടെ സുഗമവും കഠിനവുമായ മാര്‍ഗങ്ങളെ അനുസന്ധാനംചെയ്ത് അനുഭൂതിയുടെ ഉപരിമണ്ഡലങ്ങളിലേക്ക് കടന്നെത്തുന്നതെങ്ങനെയെന്നറിയുമ്പോള്‍ ശാസ്ത്രപഠനത്തെക്കാള്‍ അനുഭവം ആദരണീയമായിത്തീരും. ശാസ്ത്രത്തിനു കണ്ടെത്താനാകാത്തതും വാക്കുകള്‍കൊണ്ട് പകര്‍ത്താനാകാത്തതുമായ അനുഭൂതിമണ്ഡലമാണ് സ്വാമിജിയുടെ പലവാക്കുകളിലും പ്രതിബിംബിച്ചിട്ടുള്ളത്. നമുക്ക് ഉപരിമണ്ഡലത്തിലേക്ക് പ്രവേശിക്കാനുതകുന്ന പ്രജ്ഞാശക്തി അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ലഭിക്കുന്നു. അന്വേഷണത്തിനിടം നല്‍കുന്നവണ്ണം ആ വാക്കുകളുടെ പ്രേരണശക്തി സാധകനെ പിന്തുടരുന്നു. ശാസ്ത്രത്തെവിട്ട് ഗുരുവാക്യത്തെ അനുഗമിക്കാനുള്ള ആവേശവും ദൃഢതയും അതുമൂലം ലഭ്യമാകുകയും ചെയ്യുന്നു. ശാസ്ത്രത്തിന് ഉത്തരംനല്‍കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ അന്വേഷണംവഴിമുട്ടുമ്പോള്‍ ഗുരുവാക്യം പ്രജ്ഞയുടെ രഹസ്യമാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. ബാഹ്യമായ വൃത്തികളില്‍ നിന്നുമകന്ന് സാധകന്റെ പ്രജ്ഞ ഉയര്‍ന്നുചെല്ലുന്ന മണ്ഡലങ്ങളിലേക്ക് ഗുരുസങ്കല്പം അനുഗമിക്കുന്നതെങ്ങിനെയെന്ന് ഇവിടെ രേഖപ്പെടുത്താം. അനുഗമിക്കുകമാത്രമല്ല, നിസ്സഹായവസ്ഥക്ക് പരിഹാരംകണ്ടെത്തുകയും ശരിയായ മാര്‍ഗം തെളിച്ചുകൊടുക്കുകയും ചെയ്യുന്നു.
എനിക്കുണ്ടായ ഒരനുഭവം ഭക്തജനങ്ങളുടെ അറിവിനുവേണ്ടിയും ഗുരുസങ്കല്പത്തിന്റെ അപരിമേയതയെപ്പറ്റി അല്പമൊന്നു ചിന്തിക്കുന്നതിനുവേണ്ടിയും ഇവിടെ കുറിക്കുന്നു. സ്വാമിജിതന്നെ പ്രതിഷ്ഠിച്ച ശ്രീരാമസീതാ ആജ്ഞനേയവിഗ്രഹമാണ് ശ്രീരാമദാസമഠത്തില്‍ ഇന്നും ആരാധിക്കുന്നത്. പ്രതിഷ്ഠ ഗുരുനാഥന്റെ തൃക്കൈകള്‍ കൊണ്ടുതന്നെയാണ് നിര്‍വഹിച്ചത്. ആ മഹാപ്രഭുവിന്റെ തപസ്സിദ്ധിയുടെ ഫലം അജ്ഞരും അശരണരുമായ ലോകവാസികള്‍ക്ക് ലഭിക്കത്തക്കവിധമാണ് പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത്. മഹാസമുദ്രത്തിനല്‍നിന്ന് ഒരു ജലകണികയെന്നോണം ലഭ്യമായ ഒരു സമ്പത്താണെങ്കിലും ഇവിടെനിന്നു ലഭിക്കുന്ന അനുഗ്രഹത്തിന്റെ സ്രോതസ്സ് അളവറ്റതാണ്. സാധകന്റെ അചഞ്ചലമായ അനുസന്ധാനവൃത്തികളിലുംകൂടി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിഷ്ഠ കഴിഞ്ഞതിനുശേഷമുള്ള ആരാധനയുടെ ചുമതല നിര്‍ബന്ധപൂര്‍വം എന്നെയെല്പിക്കുകയാണുണ്ടായത്. എന്നാല്‍ എന്നോടുതന്നെ ഞാന്‍ ചോദിച്ച ചോദ്യം ‘എന്റെ അര്‍ഹതയെപ്പറ്റി’ ഉത്തരം അന്വേഷിച്ചിട്ടുള്ളതായിരുന്നു. സ്വാമിജിയുടെ ആരാധനയിലൂടെ അനുഗ്രഹവും ആശ്വാസവും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്ന ഭക്തജനസമൂഹത്തെ അപക്വമതിയായ എന്റെ സങ്കല്പത്തിലൂടെ സംതൃപ്തമാക്കുന്നതെങ്ങനെയെന്നുള്ള ഭയം പലപ്പോഴും എന്നെ അലട്ടിയിരുന്നു. വാദപ്രതിവാദങ്ങളിലൂടെ ഉത്തരം കണ്ടെത്താനും ആശ്വാസം നേടാനുള്ള മാര്‍ഗമല്ല ആരാധന. ശാസ്ത്രങ്ങള്‍ ഉദ്ധരിക്കാനോ ബുദ്ധിപരമായ കസര്‍ത്തുകളിലൂടെ പ്രത്യുത്തരം നല്‍കുവാനോ ഇടമുള്ള ഒരു സങ്കല്പമല്ലത്. വിവാദത്തിലേര്‍പ്പെടുന്നവരുടെ ശാസ്ത്രപാണ്ഡിത്യം രേഖപ്പെടുത്താനുമവിടെ ഇടമില്ല. അനുവാചകരെ ആകര്‍ഷിക്കുവാനും പാണ്ഡിത്യഗര്‍വ് പ്രകടിപ്പിക്കുവാനും പൂജയില്‍ അവസരമില്ല.
പരാജയപ്പെടുത്തുന്നതാരെയെന്ന് ചിന്തിച്ച് മറ്റൊരാളുടെ പരാജയത്തില്‍ സ്വന്തം വിജയക്കൊടി പറത്തുവാനും പൂജയില്‍ സന്ദര്‍ഭം ലഭിക്കുന്നില്ല. അസ്മിതാബുദ്ധിയിലൂടെ അഹന്ത വളര്‍ത്തുന്ന വിക്ഷുബ്ധവികാരങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട് ഞനെന്നും എന്റെയെന്നുമുള്ള ഭാവം ഗുരുപാദങ്ങളിലര്‍പ്പിച്ച് സായൂജ്യമനുഭവിക്കുന്ന മനസ്സിന്റെ സേവനദൗത്യമാണ് പൂജ. ഇന്ദ്രിയവിഷയങ്ങള്‍ അവിടെ ലയിച്ചടങ്ങുന്നു. ബാഹ്യവൃത്തികള്‍ ആന്തരികവൃത്തിയില്‍ വിലയം പ്രാപിക്കുന്നു. ദൃശ്യപ്രപഞ്ചം അദൃശ്യസങ്കല്പത്തില്‍ ലീനമാകുന്നു. സ്ഥൂലവസ്തുക്കളുടെ ഗുണവൈഷമ്യങ്ങള്‍ ഗുണാതീതമായി ഭവിക്കുന്നു. സൂക്ഷ്മകിരണങ്ങളിലൂടെ വൃത്തിഭേദം സൃഷ്ടിക്കുന്ന പ്രജ്ഞാമണ്ഡലത്തിനുപോലും മാറ്റം സംഭവിക്കുന്നു. അന്യത്വങ്ങള്‍ അനുഭൂതിയായി മാറുന്ന അനുഭവം പൂജയുടെ പ്രജ്ഞാസ്വരൂമായിത്തീരുന്നു. ഈശ്വരാര്‍പണമാക്കുവാനൊന്നുമില്ലാത്ത ഒരു ബോധമണ്ഡലം സ്വായത്തമാകുന്നു. ആ ബോധമണ്ഡലത്തിന്റെ അനുഭൂതി പകര്‍ത്തുവാനുള്ള ഉദ്യമമാണ് പൂജയായി പരിണമിക്കുന്നത്. പൂജയുടെ ഉപകരണങ്ങളും ഉപാധികളും അതിന്റെ പ്രജ്ഞാമണ്ഡലത്തെ തെല്ലുംബാധിക്കുന്നില്ല. മാത്രമല്ല ഉപാധിസഹിതമായ പൂജ ഉപാധിരഹിതമായ മണ്ഡലത്തെ അഭയംപ്രാപിക്കുന്നു. ഇങ്ങനെ സ്ഥൂലത്തിന്‍നിന്ന് സൂക്ഷ്മത്തിലെ ഉപരിമണ്ഡലങ്ങളിലേയ്ക്ക് സാധകന്റെ പൂജ പുരോഗമിക്കുന്നത് ഗുരുസങ്കല്പത്തിന്റെ അദൃശ്യമായ അനുജ്ഞാശക്തികൊണ്ട് മാത്രമാണ്.
പൂജയില്‍ പങ്കാളികളാകുന്ന സാധാരണ മനസ്സുകള്‍ക്ക് അറിയുവാനും അനുസരിക്കുവാനും കഴിയാത്ത ഒരു അപ്രമേയശക്തിയാണ് പൂജയുടെ അനുഭൂതിയെ ഭക്തജനഹൃദയങ്ങളിലേക്ക് പകര്‍ത്തിക്കൊടുക്കുന്നത്. സാധകനായ ശിഷ്യന്റെ ഉപരിമണ്ഡലപ്രയാണത്തില്‍ ഓരോ മണ്ഡലത്തിലും ഉണ്ടാകുന്ന അനുഭവങ്ങളെ ഗുരു സശ്രദ്ധം വീക്ഷിക്കുന്നതെങ്ങനെയെന്ന് എനിക്കുണ്ടായ അനുഭവങ്ങളിലൂടെ പകര്‍ത്തുവാന്‍ ശ്രമിക്കുന്നു. ശ്രീകോവിലില്‍നിന്ന് അര്‍ച്ചന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കയ്യില്‍ ജ്വലിക്കുന്ന കര്‍പ്പൂരദീപമുണ്ടായിരിക്കും.
Discussion about this post