കൊളംബോ: തമിഴ്പുലികള്‍ക്കെതിരായ അന്തിമയുദ്ധത്തിന് വിജയകരമായി നേതൃത്വം നല്‍കിയ മുന്‍ സേനാമേധാവി ശരത് ഫൊന്‍സെകയുടെ റാങ്കുകളും മെഡലുകളും തിരിച്ചെടുക്കാന്‍ ശ്രീലങ്കയിലെ സൈനിക കോടതി വിധിച്ചു. സര്‍വീസിലിരിക്കെ രാഷ്ട്രീയത്തില്‍ ഇടപെട്ടുവെന്ന കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്. അഴിമതി നടത്തിയെന്ന മറ്റൊരു കേസില്‍ ഫൊന്‍സെകയ്‌ക്കെതിരെ സൈനിക കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്. സാധാരണ കോടതിയിലും ഇദ്ദേഹത്തിനെതിരെ കേസുണ്ട്.
സൈനിക കോടതിയുടെ വിധി ഇനി സര്‍വസൈന്യാധിപനായ മഹിന്ദ രാജപകെ്‌സ അംഗീകരിക്കേണ്ടതുണ്ട്. വിധിക്കെതിരെ സാധാരണ കോടതിയെ സമീപിക്കാന്‍ ഫൊന്‍സെകയ്ക്ക് അവകാശമുണ്ട്.
തമിഴ് പുലികള്‍ക്കെതിരായ നിര്‍ണായക വിജയത്തിനുശേഷം പ്രസിഡന്റ് രാജപകെ്‌സയുമായി പിണങ്ങിയതോടെയാണ് ഫൊന്‍സെകയുടെ ശനിദശ തുടങ്ങിയത്. യുദ്ധവിജയത്തിന്റെ പേരിലുണ്ടായ അവകാശത്തര്‍ക്കമാണ് അകല്‍ച്ചയ്ക്കിടയാക്കിയത്. സേനാമേധാവിപദം തെറിച്ചതോടെ ഫൊന്‍സെക രാഷ്ട്രീയത്തിലിറങ്ങി. രാജപകെ്‌സയ്‌ക്കെതിരെ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജനങ്ങള്‍ പ്രസിഡന്റിനൊപ്പം നിന്നത് ഫൊന്‍സെകയുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഫൊന്‍സെകയെ അറസ്റ്റ്‌ചെയ്ത് സൈനിക വിചാരണ നടത്തിയാണ് രാജപകെ്‌സ പ്രതികാരം വീട്ടിയത്. സൈനിക കസ്റ്റഡിയിലിരുന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഫൊന്‍സെകയെ സഭയുടെ ആദ്യസമ്മേളനത്തില്‍ പങ്കെടുക്കാനായി കുറച്ചുദിവസത്തേക്ക് മോചിപ്പിച്ചു. അറസ്റ്റും വിചാരണയുമെല്ലാം ആദ്യകാലത്ത് പ്രക്ഷോഭമുയര്‍ത്തിയെങ്കിലും പിന്നീട് അവയെല്ലാം കെട്ടടങ്ങി.
സൈനിക കോടതിവിധിയെ ഫൊന്‍സെകയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് നാഷണല്‍ അലയന്‍സ് തള്ളി. നിയമവിരുദ്ധമായാണ് സൈനിക കോടതി രൂപവത്കരിച്ച് വിധി പ്രഖ്യാപിച്ചതെന്ന് പാര്‍ട്ടി ആരോപിച്ചു. ഫൊന്‍സെകയുടെ അഭിഭാഷകരുടെ സാന്നിധ്യമില്ലാതെയാണ് വിധി പ്രഖ്യാപനമെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട കോടതിമുറിയില്‍ വിചാരണ നടത്തിയതിനെ ചോദ്യംചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
Discussion about this post