ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവിലെ ഗ്രാന്റ് ഫിനാലെ കാണുവാന്‍ ഇടയായി. ലോക ആദരവ് പിടിച്ചുപറ്റിയ പത്മശ്രീ. കെ.ജെ.യേശുദാസ് സീസണ്‍ ആറിന്റെ ഉദ്ഘാടനത്തിനുശേഷം നടത്തിയ തന്റെ പ്രസംഗത്തില്‍ സമൂഹത്തിന്റെ പൊതുസ്വത്തായ ദേസേട്ടന്‍ തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം പറയുകയുണ്ടായി. ഗ്രാന്റ് ഫിനാലെയിലെ കല്‍പന രാഘവേന്ദ്ര എന്ന വിദ്യാര്‍ത്ഥി ഔട്ട് സ്റ്റാന്റിംഗ് ആണെന്നും കല്‍പന അമേരിക്കയില്‍ ജനിച്ചിരുന്നുവെങ്കില്‍ ലോകസംഗീതത്തിന്റെ കൊടുമുടിയില്‍ എത്തിപ്പെടുമായിരുന്നുവെന്നും കുട്ടി മുന്‍ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇന്‍ഡ്യയില്‍ ജനിച്ചതെന്നും ആസ്ഥാനഗായകന്‍ പറയുകയുണ്ടായി.
‘ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗമെന്നും കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്നും പാട്ടിലൂടെ ഞങ്ങളില്‍ എത്തിച്ച ആ വലിയ കവിത. ദേശസ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ എള്ളുറപ്പുള്ള പാട്ടുകള്‍ പാടി ഞങ്ങളുടെ മനസിന്റെ വരണ്ടനിലങ്ങളില്‍ അങ്ങ് പെയ്യിച്ച അമൃതവര്‍ഷിണി എല്ലാം ഒരു നിമിഷം ഓര്‍ത്തുപോയി.
ഭാരതത്തില്‍ ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്നും ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അതും ഈ മണ്ണില്‍ തന്നെയെന്നു പ്രാര്‍ത്ഥിച്ചു മടങ്ങിയ പിതാമഹന്‍മാരായ ഋഷിമാര്‍. ഭാരതത്തില്‍ ജനിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യമെന്നു പറഞ്ഞ് സംസ്‌കാരത്തിന്റെ കുതിരക്കുളമ്പടിയേറ്റ മണ്ണില്‍ ഒരായിരം തവണ മുത്തമിട്ടുപോയ വിദേശചിന്തകരും മൂഢന്‍മാരാണോ ? ദാസേട്ടാ. അങ്ങയോടുള്ള ആദരവിന് ഒരു കുറവും വരുത്താതെ ഒന്നുചോദിച്ചോട്ടെ അങ്ങയുടെ കൈയിലുള്ള അമേരിക്കന്‍ പാസ്‌പോര്‍ട്ടാണോ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ”ജനനി ജന്മഭൂമിശ്ച സ്വര്‍ഗാദാപി ഗരീയസി” എന്നല്ലേ നമ്മള്‍ പഠിച്ചത്. സംഗീതത്തിന്റെ മഹാസാഗരതീരത്ത് ചിപ്പിയും ശംഖും തിരഞ്ഞു നടക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് അങ്ങെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. ആര്‍ഷ ഭാരതസംസ്‌കാരത്തിന് നിറവും മണവുമേകാന്‍ പാടുപെടുന്നവരില്‍ ഒരാളായ അങ്ങയില്‍ നിന്ന്.
ഭാരതീയരുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സ്വരമാധുരിയില്‍ സ്വര്‍ഗം തീര്‍ക്കുന്ന അങ്ങയില്‍ നിന്ന്. കേരളത്തെ ഉണര്‍ത്തിയും കൊണ്ടുനടന്ന ഉറക്കിയും ഒരമ്മയുടെ നെഞ്ചിന്റെ ചൂട് തന്നും ഗുരുവിന്റെ, സ്‌നേഹിതന്റെ, സഹോദരന്റെ സാമീപ്യമറിഞ്ഞ് ഞങ്ങള്‍ അങ്ങയുടെ ഈ വാക്കുകള്‍ വ്രണപ്പെടുത്തിയിരിക്കുന്നുവെന്ന് ഖേദപൂര്‍വം പറയട്ടെ. വിനയപൂര്‍വം അങ്ങയുടെ ഒരു എളിയ ആരാധകന്‍.
എം.വിജയന്‍ പെരുന്താന്നി
തിരുവനന്തപുരം
Discussion about this post