തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള വിവാഹം ആഗസ്ത് 22ന് തരൂരിന്റെ പാലക്കാട്ടെ തറവാട്ടില്‍ നടക്കും. അടുത്ത സുഹൃത്തുക്കള്‍ക്ക് ശശി തരൂര്‍ തന്നെ ക്ഷണക്കത്ത് അയച്ചുതുടങ്ങി. ഇതിനകം എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യം താന്‍ ശരിവെയ്ക്കുന്നുവെന്ന ആമുഖത്തോടെയാണ് തരൂര്‍ ക്ഷണക്കത്ത് തയ്യാറാക്കിയിട്ടുള്ളത്.
ഉത്രാട ദിനത്തില്‍ രാവിലെ 7.30നും 8.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തറവാടായ എലവഞ്ചേരി മുണ്ടാരത്ത് വീട്ടിലാണ് ചടങ്ങുകള്‍ നടക്കുക. അമ്മൂമ്മ ജയശങ്കരിയമ്മയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന വിവാഹത്തില്‍ തരൂരിന്റെയും സുനന്ദയുടെയും അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് ക്ഷണം. അന്ന് ഉച്ചയോടെ വധൂവരന്മാര്‍ പാലക്കാട്ടു നിന്ന് തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്തെത്തും.
തിരുവോണ നാളില്‍ രാവിലെ 10നും 11.30നും ഇടയ്ക്ക് തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളില്‍ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി ചായസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശ്രീ ചിത്രാ പുവര്‍ ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരിക്കും തരൂരിന്റെയും സുനന്ദയുടെയും തിരുവോണസദ്യ.
ആഗസ്ത് 25ന് ഇരുവരും ദുബായിലേക്കു പോകും. 28ന് അവിടെ വെച്ച് തരൂര്‍ കശ്മീരി ശൈലിയിലൂടെ വിവാഹച്ചടങ്ങുകള്‍ നടത്തും. തിരികെ സപ്തംബര്‍ രണ്ടിന് ഡല്‍ഹിയിലെത്തുന്ന അവര്‍ അടുത്ത ദിവസം 97 ലോധി എസ്റ്റേറ്റില്‍ ചായസല്‍ക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ കേണല്‍ പുഷ്‌കര്‍നാഥ് ദാസിന്റെയും പരേതയായ ജയാദാസിന്റെയും മകളാണ്.
Discussion about this post