തിരുവനന്തപുരം: മരവാഴയില്‍നിന്ന് സ്ത്രീകള്‍ക്കുള്ള ലൈംഗീകോത്തേജക ഔഷധം വേര്‍തിരിക്കാനുള്ള ഗവേഷണങ്ങള്‍ പാലോട് കേന്ദ്രമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ടി.ബി.ജി.ആര്‍.ഐ.) ആരംഭിച്ചു. പുരുഷന്‍മാര്‍ക്കുള്ള ലൈംഗീകോത്തേജകം വികസിപ്പിക്കാനുള്ള ഗവേഷണം ഫലപ്രാപ്തിയിലെത്തിയതിനെത്തുടര്‍ന്നാണിത്. മരവാഴയില്‍ നിന്ന് വയാഗ്രയെക്കാള്‍ സരുക്ഷിതവും ഗുണകരവുമായ ലൈംഗീകോത്തേജക ഔഷധം നിര്‍മിക്കാന്‍ ഉപകരിക്കുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ കരുതുന്നത്. പുരുഷ ലൈംഗീകോത്തേജകം നിര്‍മിക്കുന്നതിനുള്ള കണ്ടെത്തലിന് ആറുമാസത്തിനകം പേറ്റന്റ് ലഭിക്കുമെന്ന് ടി.ബി.ജി.ആര്‍.ഐ. ഡയറക്ടര്‍ എ. സുബ്രഹ്മണ്യന്‍ പറഞ്ഞു. ഡയറക്ടറെ ക്കൂടാതെ കെ. സുരേഷ്‌കുമാര്‍, എ. ഗംഗാപ്രസാദ് എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്. ഇതേ സംഘം തന്നെയാണ് സ്ത്രീ ലൈംഗീകോത്തേജകം വികസിപ്പിക്കുന്ന ഗവേഷണവും തുടങ്ങിയിട്ടുള്ളത്.
ഓര്‍കിഡ് വംശത്തില്‍പ്പെട്ട മരവാഴയുടെ പൂവില്‍ നിന്നാണ് ഉത്തേജക ഔഷധം വികസിപ്പിക്കുന്നത്. മരവാഴയുടെ രോഗശമന ശേഷി ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവയടക്കം പല ഏഷ്യന്‍ രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. മുറിവ്, വാതരോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഇതിനെ ഉപയോഗിക്കുന്നുമുണ്ട്. പൊള്ളല്‍ ശമിപ്പിക്കാനുള്ള മരവാഴയുടെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
അതിനാല്‍ത്തന്നെ മരവാഴയില്‍ നിന്ന് വേര്‍തിരിക്കാനാവുന്ന ലൈംഗീകോത്തേജക മരുന്നിന്റെ ക്രമമായ ഉപയോഗം സുരക്ഷിതമായിരിക്കുമെന്നും അവര്‍ പറയുന്നു.
മരവാഴയില്‍ നിന്ന് ഇപ്പോള്‍ വേര്‍തിരിച്ചിട്ടുള്ള ലൈംഗീകൗഷധം പുരുഷനാഡി, കോശ ഉത്തേജനത്തിന് സഹായിക്കും. ഔഷധം ഉപയോഗിക്കുമ്പോള്‍ നൈട്രിക് ഓക്‌സൈഡിന്റെ അളവ് ഗണ്യമായി ഉയരുന്നതിലൂടെയാണ് ഇത് സാധിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എ. സുബ്രഹ്മണ്യന്‍ പറഞ്ഞു. വയാഗ്രയെക്കാള്‍ സുരക്ഷിതമായ വഴിയിലാവും ഇതിന്റെ പ്രവര്‍ത്തനം. എലികളിലും മറ്റും നടത്തിയ പ്രാഥമിക പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post